മൂന്ന് നൂറ്റാണ്ടോളം ശരീഅത്ത് കോടതി പ്രവർത്തിച്ചിരുന്ന തോട്ടുമുഖത്തുള്ള പെരിയച്ചിറ ബംഗ്ലാവ് കെട്ടിടം പൊളിച്ചുനീക്കുന്നു

പാർക്കിങ് ഏരിയ നിർമിക്കാൻ മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള ശരീഅത്ത് കോടതി പൊളിക്കുന്നു

ആലുവ: പെരിയാർ തീരത്തെ ചരിത്രമുറങ്ങുന്ന 'ശരീഅത്ത് കോടതി' ഓർമ്മയാകുന്നു. മൂന്ന് നൂറ്റാണ്ടോളം മുസ്‍ലിം സമുദായത്തിൽ സ്വാധീനം ചെലുത്തിയിരുന്ന ശരീഅത്ത് കോടതി പ്രവർത്തിച്ചിരുന്ന പെരിയച്ചിറ ബംഗ്ലാവ് എന്നറിയപ്പെടുന്ന കെട്ടിടം പൊളിച്ചുനീക്കാൻ നടപടി ആരംഭിച്ചു.

നിലവിൽ തോട്ടുമുഖം കിഴക്കേ പള്ളി മഹല്ലിന് കീഴിലുള്ളതാണ് ഈ കെട്ടിടം. ഈ കെട്ടിടമിരിക്കുന്ന ഭൂമിയിൽ പള്ളിയുടെ കീഴിൽ ഓഡിറ്റോറിയമുണ്ട്. അവിടെ വിവാഹമടക്കമുള്ള നിരവധി പരിപാടികൾ പലപ്പോഴും ഉണ്ടാകാറുണ്ട്. വാഹന പാർക്കിങ്ങിന് കൂടുതൽ സ്ഥലം കണ്ടെത്താനാണ് ഓഡിറ്റോറിയത്തോട് ചേർന്ന ഈ കെട്ടിടം പൊളിക്കുന്നതെന്നാണ് മഹല്ല് കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.

പള്ളി കമ്മിറ്റിയാണ് തോട്ടുമുഖത്തുള്ള കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത്. ഇതോടെ ചരിത്രത്തിലെ ഒരു പ്രധാന സ്മാരകമാണ് ഇല്ലാതാകുന്നത്. ഒരുകാലത്ത് ഈ കോടതിയിലായിരുന്നു മുസ്‍ലിം സമുദായത്തിനിടയിലെ നിർണായക തീരുമാനങ്ങൾ രൂപപ്പെട്ടിരുന്നത്.

മധ്യകേരളത്തിലെ മുസ്‍ലിം ചരിത്രത്തിൽ മുന്നൂറോളം വർഷം പ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് ശരീഅത്ത് കോടതി. ആലുവയിലും പരിസരങ്ങളിലുമുള്ള നാൽപതോളം മഹല്ലുകളിലെ സമുദായാംഗങ്ങളുടെ തർക്കങ്ങളും വ്യവഹാരങ്ങളും ഒത്തു തീർത്തിരുന്നത് ഇവിടെയാണ്.

പൊന്നാനിയിലെ വലിയകത്ത് ഖാദിമാർക്കായിരുന്നു പരമ്പരാഗതമായി ശരീഅത്ത് കോടതിയുടെ ചുമതല. ഇടക്കിടെ ഇവിടെയെത്തിയിരുന്ന ഖാദിമാർ സമുദായാംഗങ്ങളുടെ തർക്കങ്ങൾ പരിഹരിക്കുമായിരുന്നു. ശിക്ഷകൾക്കുള്ള അധികാരവും അത് നടപ്പാക്കാനുള്ള പരിവാരങ്ങളും കോടതിയിലുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. തോട്ടുമുഖം കിഴക്കേ ജമാഅത്ത് പള്ളിക്ക് കീഴിലാണ് ഇപ്പോൾ ഈ കെട്ടിടം. ഇതിന്റെ ചരിത്ര പ്രാധാന്യമറിഞ്ഞ് 20 വർഷം മുമ്പ് നവീകരിച്ച് സംരക്ഷിച്ച് വരികയായിരുന്നു.

നാല് വർഷം മുൻപാണ് പൊളിക്കാൻ തീരുമാമെടുത്തത്. എന്നാൽ, പല കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.

Tags:    
News Summary - The three-century-old Aluva Sharia court is being dismantled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.