ശിവശങ്കറിന്‍റെ അറസ്റ്റ് തടയാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന വാർത്ത തീര്‍ത്തും അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അന്വേഷണ ഏജന്‍സി ഒരാളെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതു തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. അറസ്റ്റ് തടയാന്‍ വേണ്ടിയാണ് ശിവശങ്കറെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് പറയുന്നത് ഭാവനയാണ്. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും ഡിസ്ചാര്‍ജ് ചെയ്യുന്നതും വൈദ്യശാസ്ത്രപരമായ നടപടിയാണ്. അതില്‍ സര്‍ക്കാരിന് ഒരു കാര്യവുമില്ലെന്ന പ്രാഥമിക അറിവു പോലും ഇല്ലാത്ത മട്ടിലാണ് ഈ വാര്‍ത്ത വന്നതെന്നും മുഖമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിന്‍റെ അന്വേഷണത്തിന് തുടക്കം മുതല്‍ എല്ലാ സഹകരണവും സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. ഇക്കാര്യത്തില്‍ മൂന്ന് അന്വേഷണ ഏജന്‍സികളും ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. സ്വതന്ത്രവും നീതിപൂര്‍ണവുമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നതാണ് സര്‍ക്കാരിന്‍റെ താല്‍പര്യം. ഈ കേസിന്‍റെ പേരില്‍ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സര്‍ക്കാരിനെതിരെ ഉണ്ടാക്കുന്ന പുകമറ നീക്കുന്നതിനും അന്വേഷണം നല്ല നിലയില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആരെയും കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. നിയമപരമായി തന്നെ അതിനെ ആര്‍ക്കും തടയാനോ തടസപ്പെടുത്താനോ കഴിയില്ല- മുഖ്യമന്ത്രി പറഞ്ഞു.

തന്‍റെ പദവിക്ക് ചേരാത്ത ബന്ധം ശിവശങ്കറിന് ഉണ്ടെന്ന് കണ്ടപ്പോഴാണ് ഒരു നിമിഷം വൈകാതെ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. തുടര്‍ന്ന് ചീഫ് സെക്രട്ടറിതലത്തില്‍ അന്വേഷണം നടത്തി സസ്പെന്‍റ് ചെയ്തു. ഈ വ്യക്തിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായോ സര്‍ക്കാരുമായോ ഇപ്പോള്‍ ഒരു ബന്ധവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.