എ. ഷാജഹാൻ
തിരുവനന്തപുരം: അഞ്ചുവർഷത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ സ്ഥാനമൊഴിഞ്ഞു. 2021 മാർച്ച് 31ന് ചുമതലയേറ്റ ഇദ്ദേഹം, തന്റെ പ്രവർത്തനകാലയളവിൽ കമീഷന് ലഭിച്ച വിലമതിക്കാനാവാത്ത പിന്തുണക്കും സഹകരണത്തിനും മാധ്യമപ്രവർത്തകർക്ക് പ്രത്യേകം നന്ദി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഭരണഘടന സ്ഥാപനങ്ങളുടെ സുതാര്യത ഉറപ്പാക്കാനുമുള്ള മാധ്യമങ്ങളുടെ പ്രതിബദ്ധതയെയും പ്രശംസിച്ചു. മാധ്യമപ്രവർത്തകനായി സേവനം ആരംഭിച്ച ഷാജഹാൻ ജില്ല കലക്ടർ അടക്കം സർക്കാർ മേഖലയിൽ നിരവധി ഉന്നത പദവികൾ വഹിച്ചു.
2000 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 17 തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രനിരീക്ഷകനായി. ആറ്റിങ്ങൽ മംഗലപുരം സ്വദേശിയായ ഷാജഹാൻ തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്ത് ചാലക്കുഴി റോഡിലാണ് ഇപ്പോൾ താമസം. ഭാര്യ: നജ്മ, മക്കൾ: ഡോ. സിബ, അനീസ് (പൂജപ്പുര, ആർ.ജി.സി.ബി).
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ കാലാവധി പൂർത്തിയാക്കിയ പദവിയിലേക്ക് പകരം നിയമനമായില്ല. നിയമ സെക്രട്ടറിയും ജില്ല ജഡ്ജിയുമായ കെ.ജി. സനൽകുമാറിനെ നിയമിക്കാൻ മന്ത്രിസഭ ശിപാർശ ചെയ്തെങ്കിലും ഗവർണർ തടയുകയായിരുന്നു. ജുഡീഷ്യൽ സർവിസിലുള്ളയാളെ മറ്റൊരു തസ്തികയിലേക്ക് നിയമിക്കുന്നതിന് ഹൈകോടതിയുടെ അനുമതി ആവശ്യമാണ്. അനുമതിയില്ലെന്ന് ചൂണ്ടാക്കാട്ടിയാണ് ഗവർണർ നിയമന ശിപാർശ തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.