ആഴക്കടലിൽ കപ്പൽ ഇടിച്ച് തകർന്ന പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശി കളരിക്കൽ പ്രജേഷിന്റെ ഉടമസ്ഥതയിലുള്ള 'കടൽ സ്റ്റാർ' വള്ളം

മത്സ്യബന്ധന വള്ളത്തിൽ കപ്പലിടിച്ചു; കടലിൽ വീണ തൊഴിലാളികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു

പൊന്നാനി: പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ കപ്പലിടിച്ച് അപകടം. അപകടത്തിൽ വള്ളത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടം സംഭവിച്ചതറിഞ്ഞിട്ടും കപ്പൽ നിർത്താതെ പോയതായി പരാതി. ഞായറാഴ്ച ഉച്ചയോടെയാണ് ആഴക്കടലിൽ അപകടമുണ്ടായത്.

പൊന്നാനി തീരത്തു നിന്നും അഞ്ച് ദിവസം മുൻപ് മീൻപിടിത്തത്തിനിറങ്ങിയ പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശി കളരിക്കൽ പ്രജേഷിന്റെ ഉടമസ്ഥതയിലുള്ള 'കടൽ സ്റ്റാർ' വള്ളമാണ് അപകടത്തിൽ പെട്ടത്. വള്ളത്തിലുണ്ടായിരുന്ന താനൂർ സ്വദേശികളായ മംഗലത്ത് വിനോദ്, കെ.പി. അലി, പുറത്തൂർ സ്വദേശി തണ്ടാശേരി കുമാരു, തിരുവനന്തപുരം സ്വദേശി ലോറൻസ്, ചാൾസ് എന്നിവരാണ് ഇടിയുടെ ആഘാതത്തിൽ കടലിലേക്കു തെറിച്ചു വീണത്.

പൊന്നാനിയിൽ നിന്നും 55 നോട്ടിക്കൽ മൈൽ ദൂരെയാണ് അപകടമുണ്ടായത്. കപ്പൽ വള്ളത്തിലിടിച്ചതോടെ വള്ളത്തിന്റെ മുൻഭാഗം തകരുകയും, ശക്തമായ ആഘാതത്തിൽ വള്ളത്തിലുണ്ടായിരുന്നവർ കടലിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തുടർന്ന് ഇവർ വള്ളത്തിലേക്ക് നീന്തി കയറി തകർന്ന വള്ളത്തിൽ കയറി തിങ്കളാഴ്ച വൈകുന്നേരത്തോടെ കരയിലെത്തുകയുമായിരുന്നു.

ഇളം പച്ചനിറത്തിലുള്ള കപ്പലാണ് വള്ളത്തിൽ ഇടിച്ചതെന്നും, അപകടം സംഭവിച്ചിട്ടും കപ്പൽ നിർത്താതെ പോയെന്നും തൊഴിലാളികൾ പറഞ്ഞു. സംഭവത്തിൽ പൊന്നാനി തീരദേശ പൊലീസിൽ പരാതി നൽകി. കപ്പലിനെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയെന്നാണ് അറിയുന്നത്.


Tags:    
News Summary - The ship hit the fishing boat; The workers who fell into the sea were lucky to escape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.