ആളും മാറി വണ്ടിയും മാറി, രണ്ടാഴ്ചയായി നിർത്തിയിട്ട സ്‌കൂട്ടറിന് 500 രൂപ പിഴ!

മലപ്പുറം: രണ്ടാഴ്ചയായി വീട്ടിൽ നിർത്തിയിട്ട വണ്ടിക്കും ട്രാഫിക് നിയമലംഘനത്തിന് പിഴ!. മലപ്പുറം പെരിമ്പലം സ്വദേശിയും മാധ്യമം സീനിയർ സബ് എഡിറ്ററുമായ ഷെബീൻ മഹ്ബൂബിനാണ് ഹെൽമറ്റ്‌ ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 500 രൂപ ഫൈൻ അടക്കാൻ നോട്ടീസ് വന്നത്.

ജൂൺ 11ന് മലപ്പുറം എളങ്കൂരിൽ ഹെൽമറ്റില്ലാതെ ബൈക്കിൽ സഞ്ചരിച്ചവരുടെ ചിത്രമാണ് ഷെബിന്റെ വിലാസവും വണ്ടി നമ്പറും രേഖപ്പെടുത്തിയുള്ള പിഴ നോട്ടീസിൽ ഉള്ളത്. എന്നാൽ, രണ്ടാഴ്ചയായി ഷെബീൻ കൊച്ചിയിലാണ്. നോട്ടീസിൽ പറഞ്ഞ നമ്പറിലുള്ള വാഹനം വീട്ടിൽ നിർത്തിയിട്ടതുമാണ്. നോട്ടീസിലുള്ള നിയമലംഘനത്തിന്റെ ചിത്രത്തിൽ കൊടുത്തത് KL10 AQ നമ്പറിറിലുള്ള ബൈക്ക് ആണ്. ഫൈൻ വന്നയാളുടേത്‌ KL10 AX നമ്പറിൽ ഉള്ള സ്‌കൂട്ടരും.

നീട്ടിവളര്‍ത്തിയ താടി കാരണം സീറ്റ് ബെല്‍റ്റ് കാണാതായതോടെ കാറില്‍ യാത്ര ചെയ്ത വൈദികന് എ.ഐ കാമറ പിഴയിട്ടതായി കഴിഞ്ഞ ദിവസം പരാതിയുയർന്നിരുന്നു. എറണാകുളം പടമുകൾ സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് സിറിയൻ പള്ളി വികാരി ഫാ. ജോൺ ജോർജിനാണ് രണ്ടുതവണ പിഴയിട്ടത്.  

കഴിഞ്ഞ ബുധനാഴ്ചയാണ് ഫാദർ, അടൂർ ഏനാത്ത് താമസിക്കുന്ന മാതാപിതാക്കളെ കാണാൻ കാറിൽ പോയത്. വ്യാഴാഴ്ച തിരികെ വരുമ്പോൾ കോട്ടയം, ആലപ്പുഴ ജില്ലകളിലെ എ.ഐ കാമറകളിൽ കുടുങ്ങി. ആദ്യം ആലപ്പുഴ ആർ.ടി ഓഫിസിലെ സന്ദേശമാണ് എത്തിയത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപ പിഴ അടക്കണമെന്നായിരുന്നു സന്ദേശം.

സത്യം ബോധ്യപ്പെടുത്താൻ ആലപ്പുഴ ആർ.ടി ഓഫിസിൽ ബന്ധപ്പെട്ടപ്പോൾ വാഹനം രജിസ്റ്റർ ചെയ്ത ഓഫിസിലെത്താനാണ് നിർദേശിച്ചത്. ഇതുപ്രകാരം തൃപ്പൂണിത്തുറ ഓഫിസിൽ ബന്ധപ്പെട്ടപ്പോൾ കാക്കനാട് എൻഫോഴ്‌സ്മെന്റ് ആർ.ടി ഓഫിസിലേക്ക് വിട്ടു. അവിടെ നേരിട്ടെത്തി കാമറ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ നീളൻ താടി സീറ്റ് ബെൽറ്റ് മറച്ചത് എ.ഐ കാമറ കണ്ടില്ലെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥർ ആലപ്പുഴ ഓഫിസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വ്യക്തമാക്കിയപ്പോഴാണ് പിഴ ഒഴിവായത്. തൊട്ടടുത്ത ദിവസം കോട്ടയം ജില്ലയിലെ എ.ഐ കാമറയുടെ പിഴ സ​ന്ദേശവും ഫോണിലെത്തി. ഇത് ഒഴിവാക്കാൻ ഇനി എവിടെയൊക്കെ കയറിയിറങ്ങണമെന്ന ആധിയിലാണ് വൈദികൻ.

Tags:    
News Summary - The scooter that has been stopped for two weeks is fined 500 rupees!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.