തിരുവനന്തപുരം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിലെ ക്രിസ്തുമതത്തിലെ ഒരു ഉപവിഭാഗമായി ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യം തള്ളി റവന്യൂ വകുപ്പ്. ഹൈകോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ട് ബിഷപ്പ് ജോജു മാത്യൂസ് നൽകിയ ഹരജി 2024 ഫെബ്രുവരി 20ന് സർക്കാരിന് കൈമാറിയിരുന്നു. ഹരജിക്കാരെ കേട്ടതിനു ശേഷം സർക്കാരിൽ സമർപ്പിച്ച അപേക്ഷ പരിശോധക്കാനും വിധിയുടെ പകർപ്പ് ലഭിച്ച തീയതി മുതൽ നാലു മാസത്തിനുള്ളിൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാൻ ആയിരുന്നു നിർദേശം.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന വിഭാഗത്തിന് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഒരു ഉപവിഭാഗമായി റവന്യൂ മാന്വലിലും മറ്റു രേഖകളിലും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതാണ് ബിഷപ്പ് ജോർജ് മാത്യു 2029 ഫെബ്രുവരി 28ന് സർക്കാരിന് നിവേദനം സമർപ്പിച്ചത്.
ഹൈകോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ 2024 ജൂലൈ ആറിന് ബിലീവേഴ്സ് പ്രതിനിധികളെ നേരിൽ കേട്ടു. ലാൻഡ് റവന്യൂ കമീഷണറേറ്റിൽ നടന്ന വിചാരണയിൽ ഹരജിക്കാരനും അവരുടെ കൗൺസലും പങ്കെടുത്തിരുന്നു. ബിലീവേഴ്സ് ചർച്ചിന്റെ കീഴിലുള്ള മെഡിക്കൽ കോളജുകളിൽ ഈ സമുദായത്തിന് അനുവദിച്ചിട്ടുള്ള റിസർവേഷൻ ക്വാട്ടയിൽ അവസരം ലഭിക്കണം. അതിന് റവന്യൂ ഉദ്യോഗസ്ഥരിൽ നിന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന പേരിൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാൽ ബുദ്ധിമുട്ട് നേരിടുന്നു എന്നായിരുന്നു അവരുടെ വാദം.
ബിലീവേഴ്സ് ചർച്ച് അധികാരികൾ മുന്നോക്ക വിഭാഗങ്ങളുടെ സാമ്പത്തിക പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കമീഷൻ മുൻപാകെ മൊഴി നൽകിയിരുന്നു. ഇവർക്കൊപ്പം ചേർന്ന വിവിധ മത-ജാതി-ഉപജാതി വിഭാഗങ്ങളിൽ പലതും തന്നെ നിലവിൽ ജാതി സംവരണം അനുഭവിച്ച വിഭാഗങ്ങളാണെന്നും കമീഷന് ബോധ്യമായി.
ഭരണഘടനാപരമായ ജാതി സംവരണം അനുഭവിച്ചു വരുന്ന എസ്.സി- എസ്. ടി, ഒ.ബി.സി വിഭാഗക്കാരെ സംവരണേതര വിഭാഗക്കാരും കൂടിച്ചേർന്ന പ്രാർത്ഥന സംഘങ്ങളെയും വിശ്വാസ കൂട്ടായ്മകളെയും ഒരൊറ്റ വിഭാഗമായി പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇവരെ സാമ്പത്തിക സംവരണത്തിനുതകും പരിഗണിക്കപ്പെടുന്ന വിഭാഗമായി സംവരണ ആനുകൂല്യങ്ങൾ ലഭിക്കാത്ത സംഭരണേതര വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ 103ാം ഭേദഗതിക്ക് വിരുദ്ധമാകും എന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. അതിനാൽ ഈ പട്ടികയിൽ ഉൾപ്പെടുത്താനാവില്ലെന്ന് മുന്നാക്ക വിഭാഗ കമീഷൻ വ്യക്തമാക്കി.
വിവധ തരത്തിലുള്ള സാമുദായിക സംവരണം അനുഭവിച്ച വരുന്ന വിഭാഗങ്ങൾ ഉൽപ്പെടുന്ന ഗ്രൂപ്പുകളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് സി.എസ്.ഐ ചർച്ച്, പെന്തക്കോസ് തുടങ്ങിയ ചില വിഭാഗങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
103ാം ഭരണഘടനാ ഭേദഗതി നിലവിൽ വരുന്നതിനു മുമ്പ് തന്നെ യാതൊരു കാരണവശാലും സാമുദായിക സംവരണ വിഭാഗങ്ങളിൽ പെടാതെ നിലകൊള്ളുന്ന ക്രിസ്തുമതത്തിലെ അവാന്തര വിഭാഗങ്ങളായ സിറിയൻ ക്രിസ്ത്യൻ, മാർത്തോമാ ക്രിസ്ത്യൻ, ഓർത്തഡോക്സ്, സീറോ മലബാർ സിറിയൻ കത്തോലിക്കൻ തുടങ്ങിയ വിഭാഗങ്ങൾ എല്ലാവർക്കു സംവരണാനുകൂല്യങ്ങൾ ലഭിക്കാത്ത സംഭരണേതര വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും കമീഷൻ നിരീക്ഷിച്ചു.
അങ്ങനെ ഉൾപ്പെടുത്തിയാൽ സംവരണം ലഭിക്കേണ്ട പല വിഭാഗങ്ങൾക്കും സംവരണം ലഭിക്കാതെ വരും. ഭരണഘടനയുടെ 103ാം ഭേദഗതി കൊണ്ട് വിവക്ഷിക്കുന്ന സാമ്പത്തിക സംവരണം അട്ടിമറിക്കപ്പെടാൻ കാരണമാകും. നിലവിൽ ഏതെങ്കിലും ലിസ്റ്റിൽ (ഒ.ബിയസി, എസ്.സി- എസ്.ടി) ഉൾപ്പെട്ടിട്ടുള്ള വിഭാഗത്തിന്റെ പേരിലാണ് റവന്യൂ വകുപ്പ് ജാതി സർട്ടിഫിക്കറ്റ് നൽകുന്നത്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഒരു പട്ടികയിലും നിലവിൽ ഉൾപ്പെട്ടിട്ടില്ല.
അതിനാൽ ജാതി സർട്ടിഫിക്കറ്റിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന രേഖപ്പെടുത്തി വകുപ്പിന് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല. പുതിയതായി രൂപംകൊണ്ട പ്രാർഥന ഗ്രൂപ്പുകളെയും വിശ്വാസക്കൂട്ടങ്ങളെയും ക്രിസ്തുമതത്തിലെ ഉപവിഭാഗമായി പരിഗണിക്കുന്നത് റവന്യൂ വകുപ്പിന്റെ പരിധിയിൽ വരുന്ന വിഷയമല്ല. അതിനാൽ ബിലീവേഴ്സ് ഈസ്റ്റ് ചർച്ച എന്ന വിഭാഗത്തിന് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ക്രിസ്തുമതത്തിലേക്ക് ഉപവിഭാഗമായി റവന്യൂ മാനുവലിലും മറ്റു രേഖകളിൽ ഉൾപ്പെടുത്തണമെന്ന നിവേദനം നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.