ഇത്തിരി നേരം ഒത്തിരി കാര്യം എന്ന കാമ്പയിന് മികച്ച പ്രതികരണമെന്ന് പൊലീസ് മീഡിയ സെൻറർ

തിരുവനന്തപുരം: ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പൊലീസിന്റെ ദൈനംദിന സോഷ്യല്‍ മീഡിയ കാമ്പയിന് മികച്ച പ്രതികരണമെന്ന് പൊലീസ് മീഡിയ സെൻറർ. പൊലീസ് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ ചിങ്ങം ഒന്നുമുതലാണ് കേരളാ പൊലീസിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തിരി നേരം... ഒത്തിരി കാര്യം എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചത്.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെ, സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം, ആക്സിഡന്‍റ് ജി.ഡി എന്‍ട്രി എങ്ങനെ ലഭിക്കും, ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അഥവാ എഫ്.ഐ.ആര്‍ എന്നാല്‍ എന്ത്, അതെങ്ങനെ ലഭിക്കും എന്നിങ്ങനെ ദൈനംദിന ജീവിതത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായി വരുന്ന പൊലീസ് സേവനങ്ങളെക്കുറിച്ചും അവ സുഗമമായി ലഭിക്കുന്ന മാർഗങ്ങളെ ക്കുറിച്ചും വളരെ ലളിതമായി പൊലീസ് ഈ പംക്തിയിലൂടെ പറഞ്ഞുതരുന്നു.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെയെന്ന ചോദ്യത്തിനുളള ഉത്തരമാണ് ആദ്യ ദിനത്തില്‍ നല്‍കിയത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എങ്ങനെയെന്നും വിശദീകരിച്ചു. ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നത് മുതല്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ് ആയ പോല്‍-ആപ് ഡൗണ്‍ ലോഡ് ചെയ്യുന്നതടക്കം എല്ലാ വിവരങ്ങളും ഉള്‍ക്കൊളളിച്ചുകൊണ്ടായിരുന്നു ഉത്തരം. തുണ പോര്‍ട്ടല്‍ വഴി സര്‍ട്ടിഫിക്കറ്റ് നേടുന്നത് എങ്ങനെയെന്നും വിശദമാക്കുന്നുണ്ട്.

സൈബര്‍ തട്ടിപ്പുകളില്‍പ്പെട്ടാല്‍ ഉടനടി അറിയിക്കേണ്ട 1930 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ പരിചയപ്പെടുത്തുന്നതായിരുന്നു രണ്ടാം ദിവസത്തെ പോസ്റ്റ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്‍റെ പ്രാധാന്യവും കേസ് രജിസ്ട്രേഷന്‍ വരെയുളള കാര്യങ്ങളും ഇതില്‍ പങ്കുവച്ചു. എഫ്.ഐ.ആറിനെക്കുറിച്ചും വിശദീകരിച്ചു. മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ ക്യാമ്പയിന്റെ ഭാഗമായി വിശദീകരിക്കും.

പൊലീസ് നൽകുന്ന വിവിധതരം സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് കാമ്പയിന്റെ ലക്ഷ്യം. തട്ടിപ്പുകൾക്കെതിരെയും കുറ്റകൃത്യങ്ങൾക്കെതിരെയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും കാമ്പയിൻ വഴി സാധിക്കും. ചിങ്ങം ഒന്നിന് ആരംഭിച്ച കാമ്പയിനിലൂടെ എല്ലാ ദിവസവും വൈകീട്ട് നാലിന് പൊലീസിന്‍റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ പ്രാധാന്യമേറിയ പുതിയ വിഷയങ്ങള്‍ അവതരിപ്പിക്കുമെന്ന് പൊലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു. 

Tags:    
News Summary - The police media center said that the response to the campaign of 'Ediri Narem Othiri Matter' has been good

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-15 02:16 GMT