അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെയുള്ള ഹരജി തിങ്കളാഴ്ച പരിഗണിക്കും

കോട്ടയം: സിസ്റ്റർ അഭയ കേസിലെ പ്രതികൾക്ക് നിയമ വിരുദ്ധമായി സർക്കാർ പരോൾ അനുവദിച്ചതിനെതിരെയുള്ള ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും. ജസ്റ്റിസ്. കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സാമൂഹ്യ പ്രവർത്തകനായ ജോമോൻ പുത്തൻപുരക്കലാണ് ഹരജി നൽകിയത്.

അഭയ കേസിൽ ഇരട്ട ജീവപര്യന്തം കഠിന തടവിനും ജീവപര്യന്തം കഠിന തടവിനും കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് കഴിഞ്ഞ മെയ്‌ 11 ന് 90 ദിവസം പരോൾ അനുവദിച്ചിരുന്നു. സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണ് പരോൾ അനുവദിച്ചതെന്ന ജയിൽ ഡി. ജി. പി യുടെ വിശദീകരണം കളവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

സുപ്രീംകോടതി ഉത്തരവ് പ്രകാരം ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചിട്ടുള്ളു എന്നും, അഭയ കേസിലെ ജീവപര്യന്തം ശിക്ഷിച്ച പ്രതികൾക്ക് ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന സംസ്ഥാന ലീഗൽ സർവ്വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈപവർ കമ്മിറ്റി അധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി രവികുമാറിന്റെ ഉത്തരവിന്റെ കോപ്പിയും ഹരജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

അഭയ കേസിലെ പ്രതികളെ ജീവപര്യന്തം കഠിനതടവിന് തിരുവനന്തപുരം സി.ബി.ഐ കോടതി ശിക്ഷിച്ച് 5 മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപാണ് പ്രതികൾക്ക് നിയമ വിരുദ്ധമായി സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത്. പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി.

ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജി കഴിഞ്ഞ 7 മാസത്തിനിടയിൽ 5 പ്രാവശ്യം ഹൈകോടതി പരിഗണിച്ചിരുന്നു. എങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. ഹൈകോടതിയെ മറികടന്ന്‌ പ്രതികൾക്ക് സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - The petition against granting parole to the accused in the sr. Abhaya case will be considered on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.