നിലമ്പൂർ: കോഴിക്കോട് വെള്ളിമാടുകുന്നിലെ ബാലിക മന്ദിരത്തില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെയും കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെ എടക്കരയിൽ നിന്നാണ് നാലുപേരെ കണ്ടെത്തിയത്. എടക്കര പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടികളെ പിന്നീട് നിലമ്പൂര്‍ ഡിവൈ.എസ്.പി കാര്യാലയത്തിലെത്തിച്ച ശേഷം വൈകുന്നേരത്തോടെ കേസ് അന്വേഷിക്കുന്ന ചേവായൂര്‍ പൊലീസിന് കൈമാറി. ബംഗളൂരുവിൽനിന്നും ട്രെയിനിൽ പാലക്കാട്ടെത്തി അവിടെനിന്ന് ബസില്‍ എടക്കരയിൽ എത്തുകയായിരുന്നുവെന്നാണ് മൊഴി.
എടക്കര ബസ് സ്റ്റാൻഡിൽ ഇറങ്ങിയ കുട്ടികൾ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഇവരെ കണ്ട് സംശയം തോന്നിയ ഹോട്ടൽ അധികൃതരും നാട്ടുകാരും എടക്കര പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസെത്തി പിടികൂടി. എന്നാൽ, പൊലീസിനോട് കുട്ടികൾ പേര് മാറ്റിയാണ് പറഞ്ഞത്. ഇവരുടെ ഫോട്ടോ ബാലിക മന്ദിരം അധികൃതർക്ക് ഫോൺ വഴി കൈമാറിയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഹോട്ടലിൽ ഭക്ഷണം കഴിച്ച പെൺകുട്ടികൾ ഒരാളുടെ മൊബൈൽ വാങ്ങി ഫോൺ ചെയ്തിരുന്നു. സംഘത്തിലെ ഒരു കുട്ടിക്ക് എടക്കരയിലെ ഒരു യുവാവിനെ പരിചയമുണ്ടായിരുന്നുവെന്നും ഇയാൾക്കാണ് ഫോൺ ചെയ്തതെന്നും പൊലീസ് പറഞ്ഞു.
ബാലിക മന്ദിരത്തില്‍ നിന്നും റിപ്പബ്ലിക് ദിനത്തിലാണ് ആറ് കുട്ടികളെ ഒരുമിച്ച് കാണാതായത്. ഇതില്‍ ഒരാളെ ബംഗളൂരുവിൽനിന്നും മറ്റൊരാളെ മൈസൂരുവില്‍നിന്നും കണ്ടെത്തിയിരുന്നു.
ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്നും കുട്ടികൾ ഒരു യാത്രക്കാരന്‍റെ മൊബൈൽ വാങ്ങി ഫോൺ ചെയ്തിരുന്നു. അന്വേഷിച്ചെത്തിയ പൊലീസ് ഇത് കണ്ടെത്തിയെങ്കിലും വിളിച്ച നമ്പർ ഡിലീറ്റ് ചെയ്താണ് ഫോൺ തിരികെ നൽകിയിരുന്നത്. റെയിൽവേ മാർഗം പാലക്കാട് എത്തിയ ശേഷം ഇവിടെ നിന്നും ഒരു യുവാവിന്‍റെ മൊബൈൽ വാങ്ങി പെൺകുട്ടികൾ വിളിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്‍റെയും സഹായത്തോടെയാണ് പൊലീസ് കുട്ടികളെ കണ്ടെത്താൻ ശ്രമം നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.