കേന്ദ്രത്തെ നോവിക്കരുതെന്ന് ശാഠ്യമുണ്ടോ? വിമർശിച്ചും ക്രിയാത്മക പ്രതിപക്ഷമാകുമെന്ന് ആവർത്തിച്ചും പ്രതിപക്ഷം

തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ കേന്ദ്രത്തെ വിമർശിക്കാത്തത് ചൂണ്ടിക്കാട്ടി യു.ഡി.എഫ്-ബി.ജെ.പി ഡീൽ ആരോപിച്ചും ക്രിയാത്മക പ്രതിപക്ഷമായിരിക്കുമെന്ന് ആവർത്തിച്ചും പ്രതിപക്ഷം. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് ഇടതുപക്ഷം ഒന്നാകെ തകർന്നെന്ന് കരുതേണ്ടെന്നും ശക്തമായി തിരിച്ചുവരുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇടതു അംഗങ്ങൾ നന്ദിപ്രമേയ ചർച്ചയിൽ പങ്കാളികളായത്.

ഭാവിക്കുവേണ്ടിയുള്ള കാര്യങ്ങൾ വസ്തുതാപരമായാണ് കാണേണ്ടത്. അങ്ങനെയൊന്ന് നയപ്രഖ്യാപനത്തിൽ കാണുന്നില്ലെന്ന് കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി. മുൻ പ്രതിപക്ഷം ചെയ്തതുപോലെ സർക്കാറിനെ കണ്ണടച്ച് എതിർക്കാനില്ല. അന്ന് സത്യപ്രതിജ്ഞ ചടങ്ങിൽ പോലും പ്രതിപക്ഷം പങ്കെടുത്തില്ല. ഇക്കുറി പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും യു.ഡി.എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ന്യായമായ കാര്യങ്ങളെ അനുകൂലിക്കും. ന്യായമല്ലാത്തവയെ എതിർക്കും.

പത്തുവർഷം നഷ്ടപ്പെട്ടതെല്ലാം ഈ സർക്കാരിലൂടെ നേടിയെടുക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്. എൽ.ഡി.എഫിനെ സംബന്ധിച്ച് തെക്കുവടക്ക് വേഗത്തിൽ ഓടുന്ന ട്രെയിൻ പാത വേണമെന്നേയുള്ളൂ. മഞ്ഞക്കുറ്റി മാറ്റി കാവിക്കുറ്റിയോ നീലക്കുറ്റിയോ അടിച്ചാലും കുഴപ്പമില്ല. അതൊക്കെ ‘ചീപ്പ് പോപ്പുലാരിറ്റി’ക്കുവേണ്ടിയാണ്. ആടിനെ പട്ടിയാക്കി പ്രചരിപ്പിക്കരുതെന്നും ബാലഗോപാൽ പറഞ്ഞു. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ സമീപനത്തെ നയപ്രഖ്യാപനം എതിർത്തിട്ടില്ലെന്ന് കെ.വി. സുമേഷ് കുറ്റപ്പെടുത്തി. നയപ്രഖ്യാപനം വായിച്ചാൽ ബി.ജെ.പിയെയോ കേന്ദ്ര സർക്കാറിനെയോ ഒരു വാക്കുകൊണ്ടുപോലും നോവിക്കരുതെന്ന് ശാഠ്യമുണ്ടെന്ന് തോന്നുമെന്ന് എ.സി. മൊയ്തീൻ പറഞ്ഞു. അതോ ഇരട്ട എൻജിന്റെ ഒരു ഭാഗമാകാൻ യു.ഡി.എഫ് സർക്കാർ തയാറാവുകയാണോ എന്നും അദ്ദേഹം ചോദിച്ചു.

സ്പീക്കറുടെ ‘ഉദാരമനസ്കതയിൽ’ നിയമസഭയിൽ ബഹളം

തിരുവനന്തപുരം: സ്പീക്കറുടെ ‘ഉദാരമനസ്കത’ നിയമസഭയിൽ ബഹളത്തിന് കാരണമായി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുന്നതിന് മുമ്പ് എൽ.ഡി.എഫ് കക്ഷിനേതാക്കൾ പ്രസംഗിച്ച് തീരുംമുമ്പെ ബി.ജെ.പി കക്ഷിനേതാവ് ബി.ബി. ഗോപകുമാറിനെ സംസാരിക്കാൻ അനുവദിച്ച സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നടപടിയാണ് ബഹളത്തിന് കാരണമായത്.

പിണറായി വിജയൻ സംസാരിച്ച് കഴിഞ്ഞയുടൻ കെ. രാജൻ സംസാരിക്കുന്നതിന് മുമ്പ് ഗോപകുമാർ എഴുന്നേറ്റു. എന്നാൽ, പരിചയക്കുറവുകൊണ്ടാണെന്ന് പറഞ്ഞ് രാജൻ പ്രസംഗിച്ച് സി.പി.ഐ അംഗങ്ങൾക്കൊപ്പം ഇറങ്ങിപ്പോയി. അതിന് പിന്നാലെയാണ് ബി.ബി. ഗോപകുമാറിനെ സംസാരിക്കാൻ സ്പീക്കർ അനുവദിച്ചത്. അപ്പോഴാണ് എൽ.ഡി.എഫ് ഘടകകക്ഷിയായ ആർ.ജെ.ഡി അംഗം പി.കെ. പ്രവീൺകുമാർ വാക്കൗട്ട് പ്രസംഗം നടത്തിയില്ലെന്ന് ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റുനിന്ന പ്രവീണും ചൂണ്ടിക്കാട്ടിയത്. അപ്പോൾ, ആദ്യ പ്രസംഗമായതിനാലാണ് ഇങ്ങനെ അനുവദിച്ചതെന്നും അദ്ദേഹം പെട്ടെന്ന് അവസാനിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു.

ഇതിനിടെ, പുറത്തുപോയവർ മടങ്ങിയെത്തി ബഹളമുണ്ടാക്കി. ഇതെന്ത് കീഴ്വഴക്കമാണെന്ന് അവർ ചോദിച്ചു. പി.കെ. പ്രവീണിനെ പ്രസംഗത്തിന് ക്ഷണിക്കുന്നതിന് മുമ്പ് ബി.ജെ.പി അംഗത്തെ വിളിച്ചതിനെ പിണറായി വിജയൻ വിമർശിച്ചു. സ്പീക്കറുടെ ഉദാരമനസ്‌കത സഭാചട്ടങ്ങളില്‍നിന്നുള്ള വ്യതിയാനമാണെന്നും ഇതൊരു കീഴ്വഴക്കമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - The opposition repeatedly criticizes and promises to be a constructive opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.