കത്ത് വിവാദത്തിൽ മേയറുടെ രാജി: യുദ്ധക്കളമായി കോർപറേഷൻ

തിരുവനന്തപുരം: കോർപറേഷനിലെ കത്ത് നിയമന വിവാദത്തിൽ പ്രതിഷേധം ആളിക്കത്തിച്ച് പ്രതിപക്ഷം. ഓഫിസിനുള്ളിൽ ബി.ജെ.പി, യു.ഡി.എഫ്, സി.പി.എം കൗൺസിലർമാർ നേരിട്ട് ഏറ്റുമുട്ടിയപ്പോൾ കോർപറേഷന് പുറത്ത് യുവജനസംഘടനകളെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചും ലാത്തിവീശിയുമാണ് പൊലീസ് എതിരിട്ടത്. ഇതോടെ കോർപറേഷൻ പരിസരം മണിക്കൂറുകൾ യുദ്ധക്കളമായി.

മേയർക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്നറിഞ്ഞ് രാവിലെ തന്നെ എൽ.ഡി.എഫ് കൗൺസിലർമാർ കോർപറേഷനിലെത്തിയിരുന്നു. മേയറുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ പി. പത്മകുമാർ, കൗൺസിലർ സുരേഷ്​കുമാർ എന്നിവരെ മേയറുടെ ഓഫിസിലുണ്ടായിരുന്ന സി.പി.എം കൗൺസിലർമാർ മർദിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ മേയറെ ആക്രമിക്കാനായിരുന്നു യു.ഡി.എഫ് കൗൺസിലറുടെ ശ്രമമെന്ന് സി.പി.എം തിരിച്ചടിച്ചു. മർദനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാർ പ്രധാന കവാടത്തിൽ കുത്തിയിരുന്ന്​ പ്രതിഷേധിച്ചു.

പ്രതിഷേധം ഭയന്ന് സി.പി.എം കൗൺസിലർമാരും സുരക്ഷാജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്ന് കോർപറേഷ​െന്‍റ പിറകിലെ ഗ്രിൽ പൂട്ടി. ഗ്രിൽ തുറക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സലീമിനെ ഓഫിസിൽ പൂട്ടിയിട്ടു. സി.പി.എമ്മുകാർ ഇത് ചോദ്യംചെയ്തതോടെ വൻ സംഘർഷമാണുണ്ടായത്. വനിത കൗൺസിലർമാരടക്കം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിനിടെ ബി.ജെ.പി കൗൺസിലർ ചെമ്പഴന്തി ഉദയനും സി.പി.എം കൗൺസിലർ ശരണ്യയും കുഴഞ്ഞുവീണു. ഇരുവരെയും പൊലീസ് ആശുപത്രികളിലേക്ക് മാറ്റി.

വിധവ പെന്‍ഷനുവേണ്ടി എത്തിയ വയോധികക്കും കൗൺസിലർമാരുടെ അക്രമം കണ്ട് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇ

വരെ ജീവനക്കാർ മറ്റൊരു ഓഫിസ് മുറിയിലേക്ക് മാറ്റി. ഗ്രില്ലിന്‍റെ പൂട്ട് ബി.ജെ.പി കൗൺസിലർമാർ കല്ലുകൊണ്ട് ഇടിച്ച് തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസ്​ നിർദേശപ്രകാരം പിന്നീട് സുരക്ഷാജീവനക്കാരെത്തി ഗ്രിൽ തുറക്കാൻ ശ്രമിച്ചെങ്കിലും പൂട്ട് തകരാറിലായതിനാൽ സാധിച്ചില്ല. പ്രതിഷേധം ശക്തമായതോടെ ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് കരമന അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യുവമോർച്ച, കെ.എസ്.യു പ്രവർത്തകർ കോർപറേഷനിലേക്ക് നടത്തിയ മാർച്ചുകളും അക്രമാസക്തമായി. പ്രതിഷേധക്കാർ കോർപറേഷൻ പരിസരം വളഞ്ഞതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. കോർപറേഷൻ വളപ്പിലേക്ക് ചാടിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പുറത്ത് സംഘർഷം തുടർന്നപ്പോൾ സമരക്കാർക്കെതിരെ പ്രതിഷേധവുമായി ഇടത് അനുകൂല നഗരസഭ ജീവനക്കാരും രംഗത്തെത്തി. സമരക്കാർ ജീവനക്കാരെ തടയുന്നു, തങ്ങളെ ജോലി ചെയ്യാൻ അനുവദിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. സംഘർഷവും പ്രതിഷേധങ്ങളും ഉണ്ടായതോടെ വിവിധ ആവശ്യങ്ങൾക്കായി കോർപറേഷനിലെത്തിയ ജനങ്ങളും വലഞ്ഞു.

എന്നെ മേയറാക്കിയത് പാർട്ടി, രാജിവെക്കില്ല- മേയർ ആര്യ രാജേന്ദ്രൻ

'സമരം ചെയ്യാനുള്ള പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളെ മാനിക്കുന്നു. എന്നാൽ സമരത്തിന്‍റെ പേരിൽ ഭരണപക്ഷ കൗണ്‍സിലര്‍മാരെ മര്‍ദിക്കുന്നതും നഗരസഭയിലെത്തുന്ന ജനങ്ങളെ ദ്രോഹിക്കുന്നതും ശരിയല്ല. പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ രാജിവെക്കാനാകില്ല. തന്നെ മേയറാക്കിയത് പാർട്ടിയാണ്. പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. പാർട്ടി നല്‍കിയ ചുമതല താൻ നിർവഹിക്കുന്നു എന്ന് മാത്രം'- മേയർ ആര്യ രാജേന്ദ്രൻ

Tags:    
News Summary - The opposition protest is strong in the letter controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.