കെ.​സി. വേ​ണു​ഗോ​പാ​ൽ

അയ്യപ്പ സംഗമം കൊണ്ടുണ്ടായ ഏക ഗുണം ദേവസ്വം മന്ത്രിക്ക് യു.പി മുഖ്യമന്ത്രിയുടെ ആശംസ വായിക്കാനായി എന്നത് മാത്രമാണ് -കെ.സി വേണുഗോപാൽ

തിരുവനന്തപുരം: അയ്യപ്പ സംഗമം കൊണ്ടുണ്ടായ ഏക ഗുണം ദേവസ്വം മന്ത്രിക്ക് യു.പി മുഖ്യമന്ത്രിയുടെ ആശംസ വായിക്കാനായി എന്നത് മാത്രമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അയ്യപ്പ സ്വാമിയെ രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ ജോത്സ്യ​ൻ ഉപദേശിച്ചത് പ്രകാരമാണ് അയ്യപ്പ സംഗമം നടത്തിയതെന്ന് കോഴിക്കോട് എം.പി എം.കെ രാഘവനും പറഞ്ഞു. അയ്യപ്പ കോപം ഒഴിവാക്കുന്നതിനാണ് എം.വി ഗോവിന്ദൻ ജോത്സ്യനെ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല സ്ത്രീ പ്രവേശനത്തിന് ഒത്താശ ചെയ്ത സർക്കാർ ആണിതെന്നും രാഘവൻ പറഞ്ഞു. ആത്മാർത്ഥതയുണ്ടെങ്കിൽ അന്നത്തെ കേസുകളാണ് സർക്കാർ ആദ്യം പിൻവലിക്കേണ്ടതെന്നും എം.കെ രാഘവൻ കൂട്ടിച്ചേർത്തു.

രാഷ്ട്രീയ അയ്യപ്പ സംഗമം’ പരാജയപ്പെട്ടതിന് ആരും കുതിര കയറാൻ വരേണ്ട; യു.ഡി.എഫ് നിലപാട് വിശ്വാസി സമൂഹം സ്വീകരിച്ചെന്ന് എ.പി. അനിൽകുമാർ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് കോൺഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാടിനെ വിശ്വാസി സമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ് പരിപാടിയുടെ ദയനീയ പരാജയമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ. ശബരിമലയെ സ്ഥിരം വിവാദകേന്ദ്രമായി നിലനിർത്താനും വികസനമെന്ന പേരിൽ തങ്ങളുടെ കച്ചവടതാൽപര്യം സംരക്ഷിക്കാനും ഏതാനും പേർ ചേർന്നു നടത്തിയ തട്ടിപ്പിനെ തള്ളിക്കളഞ്ഞ വിശ്വാസി സമൂഹത്തെ ആദരവോടെ അഭിനന്ദിക്കുന്നുവെന്നും അനിൽ കുമാർ പറഞ്ഞു.

അയ്യപ്പ സംഗമത്തിന് ബദൽ സംഗമം പ്രഖ്യാപിച്ച കേരള ബി.ജെ.പി അഥവാ സി.ജെ.പിയുടെ മുഖത്തേറ്റ അടിയാണ് അയ്യപ്പ സംഗമത്തിലെ യോഗി ആദിത്യനാഥിന്റെ അദൃശ്യ സാന്നിധ്യം. സുപ്രധാന വിഷയങ്ങളിൽ കേരള ബി.ജെ.പിയുടെ നിലപാടുകളെ കേന്ദ്ര നേതൃത്വം അവജ്ഞയോടെ തള്ളുന്നത് ആദ്യ സംഭവമല്ല. കേരള സി.പി.എമ്മും കേന്ദ്ര ബി.ജെ.പിയും തമ്മിലുള്ള രഹസ്യ ബാന്ധവങ്ങൾ അയ്യപ്പ സംഗമത്തിന്റെ പേരിൽ അരക്കിട്ടുറപ്പിക്കുന്നതാണ് നടന്നത്.

തീവ്ര വർഗീയതയും ന്യൂനപക്ഷ ഉന്മൂലന സിദ്ധാന്തങ്ങളും കൊണ്ട് കുപ്രസിദ്ധി നേടിയ യോഗി, വരുംകാലങ്ങളിൽ ബി.ജെ.പിയുടെ രാഷ്ട്രീയ മുഖം കൂടിയാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സംഘ്പരിവാർ അജണ്ട സമർഥമായി നടപ്പാക്കുന്ന യോഗിയുടെ ആശംസയെ പ്രശംസയായി കാണുന്ന സി.പി.എം, ഈ സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങളോടും മതേതര വിശ്വാസികളോടും പറയാൻ ഉദ്ദേശിക്കുന്നത് എന്തെന്ന് വ്യക്തമാക്കണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു.

അയ്യപ്പ സംഗമം നടന്ന വിശുദ്ധ സ്ഥലത്തെ കളങ്കപ്പെടുത്തും വിധം പിണറായി സ്തുതി നടത്തുകയും കോൺഗ്രസിനെ ആക്ഷേപിക്കുകയും ചെയ്ത ചില സമുദായ നേതാക്കളുടെ രാഷ്ട്രീയ പ്രസ്താവനകളെ അർഹിക്കുന്ന അവജ്‌ഞയോടെ കേരളം തള്ളിക്കളയുമെന്ന് ഉറപ്പാണ്. കോടിക്കണക്കിനു രൂപ ധൂർത്തടിച്ച് നടത്തിയ ‘രാഷ്ട്രീയ അയ്യപ്പ സംഗമം’ അമ്പേ പരാജയപ്പെട്ടതിന്റെ ജാള്യത മറക്കാൻ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയുംമേൽ കുതിര കയറാൻ ആരും വരേണ്ട. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാൻ കെൽപുള്ളതാണ് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും നേതൃത്വം.

ശബരിമലയെ രാഷ്ട്രീയ ഗിമ്മിക്കുകളുടെ വേദിയാക്കാനുള്ള ശ്രമം വിശ്വാസികൾ അംഗീകരിക്കില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. പരാജയങ്ങളിൽ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പുകുത്തുന്ന സർക്കാരിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് അയ്യപ്പ സംഗമം എന്ന തട്ടിക്കൂട്ട് പരിപാടി. ശബരിമലയെ ചൂഴ്ന്നു നിൽക്കുന്ന സ്വർണപ്പാളി വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ മറുപടി പറയേണ്ടി വരുമെന്നും അനിൽകുമാർ പറഞ്ഞു.

Tags:    
News Summary - The only benefit of the Ayyappa Sangam was that the Devaswom Minister was able to read the UP Chief Minister's greetings - KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.