എല്ലാം കുത്തഴിഞ്ഞു; നിരീക്ഷണം കടലാസിലൊതുങ്ങി

പ്രളയ ധനസഹായ വിതരണത്തിന് നാ​ഷ​ന​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ൻ​റർ (എൻ.ഐ.സി) തയാറാക്കിയ 191 പട്ടിക ആദ്യം കലക്ടറേറ്റിലെ പരിഹാര സെല്ലിലേക്ക് ഇ_-മെയിൽ അയച്ചു. അവിടെ ഈ പട്ടിക സി.എസ്.വി ഫോർമാറ്റിലുള്ള 203 പട്ടികയാക്കി കലക്ടറുടെ ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്മെൻറ് സിസ്​റ്റത്തിൽ (ബിംസ്) അപ്‌ലോഡ് ചെയ്തു. ഗുണഭോക്താക്കൾക്ക് തുക വിതരണം ​െചയ്യാൻ ട്രഷറിയിൽ നൽകിയത് ഈ പട്ടികയാണ്. അതുപ്രകാരം 413 കോടി രൂപയാണ് നൽകേണ്ടത്. എന്നാൽ, എൻ.ഐ.സിയിൽ പട്ടികയിലുണ്ടായിരുന്ന 6174 അക്കൗണ്ട് നമ്പറുകൾ ബിംസ് പട്ടികയിൽ ഉൾപ്പെട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കലക്ടറേറ്റിലെ പരിഹാരം സെൽ വഴി തയാറാക്കിയ ഇൻഫർമേഷൻ ആൻഡ് മാനേജ്മെൻറ് സിസ്​റ്റം (ബിംസ്) പട്ടികയിൽ വീണ്ടും അട്ടിമറി നട​െന്നന്നാണ് അക്കൗണ്ട് നമ്പർ അടിസ്ഥനത്തിലുള്ള പരിശോധനയിൽ വ്യക്തമായത്.

എൻ.ഐ.സി ലിസ്​റ്റിൽ ഉൾപ്പെടുന്ന അക്കൗണ്ട് നമ്പർ മാറ്റി പകരം പൂജ്യം എന്ന അക്കൗണ്ട് നമ്പറും മൂന്ന്, നാല് അക്കത്തിനുശേഷം അഞ്ചിലധികം പൂജ്യങ്ങൾ ചേർത്ത് (ഉദാ: 52019 100000000, 702702000000000) ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിക്കാത്തവിധം പട്ടിക തയാറാക്കി. ഇത്തരത്തിൽ 844 അക്കൗണ്ടിലായി 1.88 കോടി ഉൾപ്പെട്ടു.

അതുപോലെ, സർക്കാർ ഉത്തരവിൽ പരാമർശിക്കാത്ത തുക നഷ്​ടപരിഹാരമായി അനുവദി​െച്ചന്നും കണ്ടെത്തി. ഉദാഹരണമായി ഒരു ലക്ഷം, ഒന്നരലക്ഷം എന്നീ തുകകൾ ചേർത്ത് രണ്ടര ലക്ഷം 11 അക്കൗണ്ടിലേക്ക് നൽകി. സർക്കാർ ഉത്തരവിന് വിരുദ്ധമായ 82.5 ലക്ഷം അനുവദിച്ചു. മൂന്ന് കാറ്റഗറിയിൽപെട്ട തുകകൾ ഒരേ അക്കൗണ്ട് നമ്പറിലേക്കും അനുവദിച്ചു. അതുപോലെ ഒരേ കാറ്റഗറിയിലുള്ള തുക ആവർത്തിച്ച് ഒരേ അക്കൗണ്ട് നമ്പറിൽ വ്യത്യസ്ത ബില്ലുകൾ നൽകുക വഴി 5.23 കോടിയുടെ നഷ്​ടം സംഭവിച്ചു. വ്യത്യസ്​ത കാറ്റഗറിയിലുള്ള തുക ഒരേ ഗുണഭോക്താവിന് നൽകിയതിലൂടെ 9.51കോടി നഷ്​ടമായി. സർക്കാർ ഉത്തരവിൽ പറയാത്ത കാറ്റഗറിയിൽ 286 അക്കൗണ്ട് നമ്പറുകളിൽ രണ്ട് പ്രാവശ്യം തുക അനുവദിച്ചതിൽ 3.89 കോടിയാണ് അനുവദിച്ചതെന്നും കണ്ടെത്തി.

പ്രളയത്തിൽ 15 ശതമാനം നാശനഷ്​ടം സംഭവിച്ചവർക്ക് 10,000 രൂപയാണ് നൽകേണ്ടത്. 1477 ഗുണഭോക്താക്കൾക്ക് ഇപ്രകാരം നൽകേണ്ടത് 1.47 കോടിയാണ്. അക്കൗണ്ട് പരിശോധിച്ചപ്പോൾ 2.96 കോടി നൽകിയതായി കണ്ടെത്തി. 1.48 കോടി അധികം. 16 മുതൽ 29 ശതമാനം വരെ നാശം സംഭവിച്ച 545 പേർക്ക്​ 60,000 രൂപ വീതം 3.27 കോടിയാണ്​ അനുവദിക്കേണ്ടിയിരുന്നതെങ്കിലും നൽകിയത് 6.61 കോടി. സർക്കാറിന് നഷ്​ടം 3.34 കോടി. ഇങ്ങനെ ഇരട്ടി പണം അനുവദിച്ചതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർ ആരായിരുന്നു? 

പരിഹാരം സെൽ നാഥനില്ലാക്കളരി

കലക്ടറേറ്റിൽ പ്രളയദുരിതാശ്വാസ പ്രവർത്തനത്തി​െൻറ ഫയലുകൾ പരിശോധിച്ചാൽ പരിഹാരം സെൽ എന്നത് നാഥനില്ലാക്കളരിയായിരു​െന്നന്ന് വ്യക്തം. ആർക്കും എന്തു തിരിമറിയും നടത്താവുന്ന ഇടം. പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് ഉന്നത ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. അവർ പ്രവർത്തനങ്ങൾ വിലയിരുത്തിയില്ല. ഫയൽനീക്കം നടന്നത് ഓഫിസ് മാന്വൽ പ്രകാരമല്ല. സെക്​ഷൻ ക്ലാർക്ക് നേരിട്ട് കലക്ടർക്ക്​ ഫയൽ സമർപ്പിച്ച് ഉത്തരവ് വാങ്ങുന്ന പതിവായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യം മേലുദ്യോഗസ്ഥരും അംഗീകരിച്ചു.

അതിനാൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയപ്പോൾ ചില ഉയർന്ന ഉദ്യോഗസ്ഥർ ഫയൽ കണ്ടിട്ടില്ല എന്ന്​ വാദിച്ചു. സെക്​ഷ​െൻറ ചുമതലയുള്ള ജൂനിയർ സൂപ്രണ്ടോ, യൂനിറ്റ് ഓഫിസറായ ഡെപ്യൂട്ടി കലക്ടർമാരോ ജില്ലയിലെ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധ പതിപ്പിക്കേണ്ട ഫിനാൻസ് ഓഫിസറോ ഈ വിഷയം സംബന്ധിച്ച വിവരങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയില്ല.

അതുപോലെ ഗുണഭോക്താക്കളുടെ അപ്പീൽ അനുവദിച്ചതിലൂടെ ഉയർന്ന തുകക്കുള്ള ധനസഹായത്തിന് അർഹരായവരിൽനിന്ന്​ ആദ്യം അനുവദിച്ച തുക കുറച്ച് ബാക്കി തുകയല്ല നൽകിയത്. സെക്​ഷൻ ക്ലാർക്ക്, ജൂനിയർ സൂപ്രണ്ട് എന്നിവർ കൈപ്പറ്റ് രസീത് നൽകി തിരികെ വാങ്ങിയ തുക നടപടിക്രമങ്ങൾ പാലിച്ച് സർക്കാറിലേക്ക് ട്രഷറി മുഖേന തിരിച്ചടച്ചതുമില്ല.

കോടിക്കണക്കിന് രൂപയുടെ ധനസഹായം വിതരണം ചെയ്ത പരിഹാരം സെല്ലിൽ അലോട്ട്മെൻറ് രജിസ്​റ്ററോ ചെക് ഇഷ്യൂ രജിസ്​റ്ററോ സൂക്ഷിച്ചിട്ടില്ല. അതൊക്കെ പരിശോധിക്കേണ്ട സൂപ്രണ്ട്, ഡെപ്യൂട്ടി കലക്ടർ, ഫിനാൻസ് ഓഫിസർ എന്നിവർ ഗുരുതര വീഴ്ച വരുത്തി. കലക്ടറേറ്റിലെ ഫിനാൻസ് ഓഫിസർ ചട്ടപ്രകാരമുള്ള ചുമതലക്കൊത്ത്​ പ്രവർത്തിച്ചില്ല.

അപ്പീൽ പരിശോധനക്ക്​ നിയമിച്ചിരിക്കുന്ന വിരമിച്ച ഉദ്യോഗസ്ഥർ ഒരേ അക്കൗണ്ട് നമ്പറിൽ ഗുണഭോക്താക്കൾക്ക് രണ്ട് വ്യത്യസ്ത തുകകൾ അനുവദിക്കുന്നതിന് ശിപാർശ നൽകി. അങ്ങനെ രണ്ട് തുകയും അനുവദിച്ചു. അപ്പീൽ കേസുകളിൽ നിരുത്തരവാദപരമായ റിപ്പോർട്ട് സമർപ്പിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. 

അയ്യനാട്ടെ 10.45 ലക്ഷം ?

അയ്യനാട് കോഓപറേറ്റിവ് ബാങ്ക് വഴി തുക വിതരണം ചെയ്തതിലും പരാതിയുണ്ട്. നാശം സംഭവിച്ച വീടുകൾ പുനർനിർമാണം നടത്താൻ തുക അനുവദിച്ചപ്പോൾ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) വഴി മാത്രമേ നൽകാവൂ എന്ന സർക്കാർ നിർദേശം കാറ്റിൽപറത്തിയാണ് 10.54 ലക്ഷം അയ്യനാട് കോഓപറേറ്റിവ് ബാങ്കി​െൻറ അക്കൗണ്ട് നമ്പറിലേക്ക് കൈമാറിയത്.

എന്നാൽ, കലക്ടറേറ്റിൽനിന്ന്​ കോഓപറേറ്റിവ് ബാങ്ക് മുഖേന നൽകിയ ധനസഹായം ഗുണഭോക്താക്കളായ വ്യക്തികൾക്ക് യഥാസമയം കൈമാറിയിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടില്ല.

ഈ തുക യഥാർഥത്തിൽ ഗുണഭോക്താവിനുതന്നെ ലഭിച്ചിട്ടുണ്ടോയെന്നും അത് അനർഹർ ആരെങ്കിലും കൈപ്പറ്റിയിട്ടുണ്ടോയെന്നും കലക്ടർ പരിശോധിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.