തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക. കുറ്റം ചെയ്തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാൽ പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.
കൊലപാതകത്തിൽ അമ്മ ശ്രീതുവിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ചോദ്യം ചെയ്യലിൽ ഇവർ നൽകുന്ന മൊഴിയിൽ അവിശ്വസനീയമായ പലതുമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശ്രീതുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും.
ഹരികുമാർ സഹോദരി ശ്രീതുമായി വഴിവിട്ട ബന്ധങ്ങൾക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇത് നടക്കാത്തതിലുള്ള വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് ഹരികുമാറിന്റെ മൊഴി.
അമ്മ ശ്രീതുവും സഹോദരൻ ഹരികുമാറും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ് പറയുന്നത്. വിശ്വസിക്കാൻ പ്രയാസമുള്ള രീതിയിലാണ് ഇവർ മൊഴിനൽകുന്നത്.
രാത്രി തൊട്ടടുത്ത മുറികളിൽ കഴിയുമ്പോഴും ഇവർ തമ്മിൽ വിഡിയോ ചാറ്റ് ചെയ്യുമായിരുന്നു എന്നാണ് കണ്ടെത്തൽ. ശ്രീതുവിന്‍റെയും ഹരികുമാറിന്‍റെയും ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കയക്കും. രണ്ട് പേരും തമ്മിലുള്ള ചാറ്റുകൾ വീണ്ടെടുക്കുന്നതിനാണ് പരിശോധന. കൊലപാതകത്തിന്റെ തലേദിവസമുള്ള മെസേജുകൾ ഡിലീറ്റ് ചെയ്തിരുന്നു. നിലവിൽ പൂജപ്പുര വനിതാ മന്ദിരത്തിലാണ് ശ്രീതു ഉളളത്. കൂട്ടിക്കൊണ്ട് പോകാൻ ആരും എത്താത്തതിനാലാണ് വനിതാ മന്ദിരത്തിലേക്ക് മാറ്റിയത്. ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ചായിരിക്കും ഇന്ന് ചോദ്യം ചെയ്യുക.
വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. ഇതിനിടയിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കോട്ടുകാൽ സ്വദേശികളായ ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടുവയസുകാരിയാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.