മന്ത്രിയുടെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യം, ഇതിനുള്ള മറുപടി പാട്ടിലൂടെ നൽകും - വേടൻ

 കോഴിക്കോട്: സാംസ്ക്കാരിക മന്ത്രി സജി ചെറിയാനെതിരെ പരാമർശവുമായി റാപ്പർ വേടൻ. മന്ത്രിയുടെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ പറഞ്ഞു. ഇതിനുള്ള മറുപടി പാട്ടിലൂടെ നൽകുമെന്നും വേടൻ പറഞ്ഞു. വേടനെപ്പോലും എന്നു മന്ത്രി പറഞ്ഞത് അപമാനിക്കല്‍ തന്നെയാണ്. തനിക്ക് അവാര്‍ഡ് ലഭിച്ചത് കലക്ക് ലഭിച്ച അംഗീകാരമാണ്. അവാര്‍ഡ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ലെന്നും റാപ്പര്‍ വേടന്‍ പറഞ്ഞു.

വേടനെ പോലും ഞങ്ങൾ സ്വീകരിച്ചു എന്ന് നേരത്തേ ഒരു പ്രസംഗത്തിൽ മന്ത്രി പറഞ്ഞത് വിവാദമായിരുന്നു. എന്നാൽ വേടൻ പ്രതികരിച്ചിരുന്നില്ല.

പരാമർശം വിവാദമായതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി. തന്‍റെ പരാമർശം വളച്ചൊടിക്കരുതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വേടനെ ജൂറി സ്വീകരിച്ചു എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനുള്ള മനസ് സർക്കാരിന് ഉണ്ടെന്നാണ് താൻ പറഞ്ഞതെന്നും 'പോലും' എന്ന വാക്ക് വളച്ചൊടിക്കരുതെന്നും മന്ത്രി പറഞ്ഞു. ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയതിനാലാണ് അങ്ങനെ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

'ഒരുപാട് പ്രഗത്ഭരായ ഗാനരചയിതാക്കൾ ഇൻഡസ്ട്രിയിലുണ്ട്. അങ്ങനെയുള്ള സ്ഥലത്ത് നല്ല ഒരു കവിത എഴുതിയ വേടനെ ജൂറി സ്വീകരിച്ചു എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനുള്ള മനസ് സർക്കാരിന് ഉണ്ടെന്നാണ് പറഞ്ഞത്. 'പോലും' എന്ന വാക്ക് വളച്ചൊടിക്കരുത്. ഒരു ഗാനരചയിതാവ് അല്ലാത്ത ഒരാൾ എഴുതുമ്പോൾ അത് കേരളം സ്വീകരിച്ചുവെന്നാണ് പറഞ്ഞത്. അതിന്റെ നല്ല വശം എടുക്ക് എല്ലാം നെഗറ്റീവ് ആയിട്ട് ചിന്തിക്കരുത് പോസിറ്റീവ് ആയിട്ട് എടുക്ക്', സജി ചെറിയാൻ പറഞ്ഞു.

55-ാമത് ചലച്ചിത്ര പുരസ്‌കാരത്തിൽ ഇക്കൊല്ലം ബാലതാരങ്ങൾക്ക് അവാർഡുകൾ ലഭിക്കാത്തതിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടികൾക്ക് അവാർഡ് കൊടുക്കാൻ പാകത്തിനുള്ള ക്രിയേറ്റീവായ അഭിനയം ജൂറി കണ്ടില്ലെന്നും അവർ അതിൽ സങ്കടം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തവണ കുട്ടികൾക്ക് അവാർഡ് ഉണ്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.