‘അരിക്കൊമ്പനെ മാറ്റേണ്ട സ്ഥലം സർക്കാർ തന്നെ കണ്ടെത്തണം’; ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈകോടതി

കൊച്ചി: അരിക്കൊമ്പൻ കാട്ടാനയുടെ വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈകോടതി. അരിക്കൊമ്പനെ മാറ്റേണ്ട സ്ഥലം സംസ്ഥാന സർക്കാർ തന്നെ കണ്ടെത്തണമെന്നും ഉടൻ തന്നെ ദൗത്യസംഘം രൂപീകരിക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു.

ഇടുക്കി ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ എങ്ങനെ മാറ്റുമെന്ന് വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ കേരള സർക്കാർ വിദഗ്ധ സമിതിക്ക് കൈമാറണം. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ധ സമിതി അംഗീകരിച്ചാൽ കോടതി തീരുമാനത്തിന് കാത്തുനിൽകാതെ തുടർനടപടികളുമായി മുന്നോട്ടു പോകാമെന്നും ഹൈകോടതി വ്യക്തമാക്കി.

ഏപ്രിൽ 12ന് കേസ് പരിഗണിക്കവെ അരിക്കൊമ്പൻ വിഷയത്തിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈകോടതി നിർദേശിച്ചിരുന്നു. ജനങ്ങളുടെ ഭീതി കോടതിക്ക് കാണാതിരിക്കാന്‍ ആകില്ലെന്നും ഒരാഴ്ചക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ നെന്മാറ എം.എല്‍.എ. കെ. ബാബു ചെയര്‍മാനായ ജനകീയ സമിതി സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ പ്രതികരണം.

ആനയെ എങ്ങോട്ടാണ് മാറ്റേണ്ടതെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. പറമ്പിക്കുളം അല്ലാതെ മറ്റു സ്ഥലങ്ങളും പരിഗണിക്കാം. ആനയെ പിടികൂടി കൂട്ടിലടക്കുന്നത് പരിഹാരമല്ല. അരിക്കൊമ്പനെ കൂടാതെ മറ്റ് കൊമ്പന്‍മാരും ഉണ്ട്. ആനയെ പിടികൂടാന്‍ എളുപ്പമാണ്. എന്നാല്‍ അതിന്റെ ആവാസവ്യവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

ആനത്താരയില്‍ പട്ടയം നല്‍കിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈകോടതി അന്ന് ഉന്നയിച്ചത്. ആനയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതു കൊണ്ടാണ് അവ അക്രമകാരികളാകുന്നത്. ഭക്ഷണത്തിനും വെള്ളത്തിനുമായാണ് നാട്ടിലേക്ക് ഇറങ്ങുന്നത്. നിലവില്‍ ആനയെ 24 മണിക്കൂറും നിരീക്ഷിക്കണം. ആനകള്‍ നാട്ടില്‍ ഇറങ്ങാതിരിക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - The Kerala government should find the place where Arikomban should be shifted - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.