ആദിവാസി യുവതിയെ കൊന്ന് ഒളിവിൽപോയ ഭർത്താവ് പിടിയിൽ

അതിരപ്പിള്ളി: പെരിങ്ങൽക്കുത്ത് ആദിവാസി കോളനിയിൽ യുവതിയെ കൊലപ്പെടുത്തി ഒളിവിൽപോയ ഭർത്താവ് പിടിയിൽ. വെള്ളിക്കുളങ്ങര ആനപ്പാന്തം ശാസ്താംപൂവം കോളനിയിലെ സുരേഷ് (39) ആണ് പിടിയിലായത്. ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്. സിനോജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പറമ്പിക്കുളം ടൈഗർ റിസർവ് വനാന്തരത്തിൽ 48 മണിക്കൂറിലേറെ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം 20ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ജൂലൈ 27ന് പുലർച്ചയാണ് ഗീതയെ പെരിങ്ങൽക്കുത്ത് കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അടിയും വെട്ടുമേറ്റാണ് മരിച്ചത്. ഗോത്രവിഭാഗക്കാരി ആയതിനാൽ ജില്ല റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ നേരിട്ടെത്തിയാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.

സംഭവത്തിന് പിന്നാലെ കാണാതായ ഭർത്താവായിരിക്കും കൃത്യം നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് വനത്തിൽ തിരച്ചിൽ ഊർജിതമാക്കിയിരുന്നു. വളർത്തുനായ്ക്കളുടെ സംരക്ഷണയിലാണ് ഇയാൾ കാടിന് പുറത്ത് സഞ്ചരിക്കാറുള്ളത്. വനത്തിൽ പൊലീസിന്‍റെ സാന്നിധ്യം മനസ്സിലാക്കിയ സുരേഷ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടിയെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണ സംഘത്തിൽ അതിരപ്പിള്ളി എസ്.എച്ച്.ഒ സി.വി. ലൈജുമോൻ, വെള്ളിക്കുളങ്ങര എസ്.എച്ച്‌.ഒ സുജാതൻ പിള്ള, ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി. സ്റ്റീഫൻ, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, മലക്കപ്പാറ എസ്.ഐ ജയ്സൺ, അതിരപ്പിള്ളി എസ്.ഐ നാരായണൻ, എ.എസ്.ഐ സുരേന്ദ്രൻ തുടങ്ങിയവരുണ്ടായിരുന്നു. 

Tags:    
News Summary - The husband who killed the tribal woman and went on the run has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.