തിരുവനന്തപുരം: അതീവ സുരക്ഷിതമായ ഇലക്ട്രിക് വാഹനങ്ങൾ മുതൽ മെഡിസിൻ വെന്റിങ് മെഷീൻ വരെ. വിദ്യാർഥികളുടെ വ്യത്യസ്തവും നൂതനവുമായ കണ്ടുപിടുത്തങ്ങൾക്ക് വേദിയായിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ. മൂന്നു ദിവസങ്ങളിലായി കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രദർശനം. മന്ത്രി ഡോ.ആർ. ബിന്ദു പ്രദർശനം ഉദ്ഘാടനം ചെയ്തു.
കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക,ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യാന്തര തലത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികൾ ഗവേഷണ പ്രവർത്തനങ്ങളിലൂടെ കണ്ടെത്തിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനും വേദി ഒരുങ്ങിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വിവിധ സർവകലാശാലകളുടെയും കോളജുകളുടെയും സ്ഥാപനങ്ങളുടെയും ഉൾപ്പെടെ 33 സ്റ്റാളുകളാണ് പ്രദർശന വേദിയിൽ ഒരുങ്ങിയിരിക്കുന്നത്. വിദ്യാർഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനും തുറന്ന ചർച്ചക്കുമുള്ള സൗകര്യങ്ങളും വേദിയിലുണ്ട്. കുസാറ്റിലെ വിവിധ വിഭാഗങ്ങൾ, മഹാത്മാഗാന്ധി സർവകലാശാല, കേരള സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള കാർഷിക സർവകലാശാല, എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ്,, കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റി, തുടങ്ങിയവയുടെയും വിവിധ കോളജുകളുടെയും സ്റ്റാളുകൾ ഒരുങ്ങിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, കുസാറ്റ് വൈസ് ചാൻസിലർ ഡോ എം. ജുനൈദ് ബുഷ്റി, കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ കെ. കെ സാജു , ശ്രീനാരായണഗുരു ഓപ്പൺ യൂനിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി. പി ജഗതി രാജ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി വിദ്യാർഥികൾ നിർമിച്ച വിവിധങ്ങളായ ഉൽപ്പന്നങ്ങളാണ് സ്റ്റാളുകളിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. പഠന പ്രക്രിയയ്ക്ക് പുറമെ വിവിധ രാജ്യാന്തര മത്സരങ്ങൾക്ക് വേണ്ടി നിർമിച്ച ഉല്പന്നങ്ങളും പ്രദർശനത്തിന്റെ ഭാഗമാണ്.
വിദ്യാർഥികൾ നിർമിച്ച അതീവ സുരക്ഷ പ്രദാനം ചെയ്യുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ, സൈക്കിളുകൾ, ബൈക്കുകൾ, ആശുപത്രികളിൽ മരുന്ന് വിതരണം സുഗമമാക്കുന്നതിനുള്ള മെഡിക്കൽ വെന്റിങ് മെഷീൻ, മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരിക്കുന്നതിനുള്ള ഉപകരണം, പ്രസവ സമയത്ത് സ്ത്രീ ശരീരത്തിൽ നിന്നും നഷ്ടമാകുന്ന രക്തം പുനരുപയോഗിക്കുന്നതിനുള്ള ഉപകരണം, സ്മാർട്ട് ട്രാഫിക് മാനേജ്മെന്റ് സംവിധാനം, മുറിവുകൾ ഉണക്കാൻ പ്രകൃതിയിൽ നിന്നും സൃഷ്ടിക്കുന്ന മരുന്നുകൾ, സോളാർഅധിഷ്ഠിത കോക്കനട്ട് ഡൈനിങ് മെഷീൻ എന്നിവക്ക് പുറമെ വിവിധ സ്റ്റാർട്ട് അപ്പ് കമ്പനികളുടെ എക്സ്പോ, യൂനിവേഴ്സിറ്റികളിലെയും കോളേജുകളിലെയും വിവിധങ്ങളായ കോഴ്സുകൾ പരിചയപ്പെടുത്തുന്നതിനുള്ള സ്റ്റോളുകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രദർശനം പൊതുജനങ്ങൾക്കും വീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.