വിമാനത്താവളം ഇമിഗ്രേഷനിലെ ഡെപ്യൂട്ടേഷൻ റദ്ദാക്കിയത് ഹൈകോടതി ശരിവെച്ചു

കൊച്ചി: കേരള പൊലീസിലെ നാല് ഉദ്യോഗസ്ഥരെ കൊച്ചി വിമാനത്താവളം ഇമിഗ്രേഷനിൽനിന്ന് ഡെപ്യൂട്ടേഷൻ റദ്ദാക്കി തിരിച്ചയച്ച നടപടി ഹൈകോടതി ശരിവെച്ചു. വിമാനത്താവളം ഇമിഗ്രേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരായ കെ.എ. അജിൻ, വിമൽ ജോസ്, സി.ആർ. ഡോളി, ഹെയ്ൻ മനീഷ് കടവിൽ എന്നിവരുടെ ഡെപ്യൂട്ടേഷൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ റദ്ദാക്കിയ നടപടിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.

ഡെപ്യൂട്ടേഷൻ റദ്ദാക്കിയ ഉത്തരവ് നേരത്തേ ഹൈകോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗസ്ഥർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. കാലാവധി പൂർത്തിയാകും മുമ്പ് ഡെപ്യൂട്ടേഷൻ റദ്ദാക്കാൻ അധികൃതർക്ക് അവകാശമുണ്ടെന്ന് വിലയിരുത്തിയാണ് ഉത്തരവ്. വർഷങ്ങളായി ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ഇമിഗ്രേഷനിൽ ജോലി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥർ തുടരെ അവധിയെടുക്കുകയും ഇമിഗ്രേഷൻ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുകയും ചെയ്തതിനെ തുടർന്നാണ് ഡെപ്യൂട്ടേഷൻ റദ്ദാക്കി പൊലീസിലേക്ക് തിരിച്ചയക്കാൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ തീരുമാനിച്ചതെന്നായിരുന്നു കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം.

2022ൽ ഹരജിക്കാർ യഥാക്രമം 140, 117,147, 154 ദിവസങ്ങൾ മാത്രമാണ് ജോലി ചെയ്തത്. ഇത്തരക്കാരെ ഇമിഗ്രേഷൻ വകുപ്പിൽ തുടരാൻ അനുവദിക്കാനാകില്ലെന്നും ഡെപ്യൂട്ടേഷൻ എപ്പോൾ വേണമെങ്കിലും റദ്ദാക്കാവുന്നതാണെന്നും കേന്ദ്ര സർക്കാറിന് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് കോടതി ഉത്തരവുണ്ടായത്.

Tags:    
News Summary - The High Court upheld the cancellation of the deputation at the airport immigration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.