സ്റ്റേ നീട്ടണമെന്ന ആവശ്യം തള്ളി; രാജയുടെ അയോഗ്യത വീണ്ടും പ്രാബല്യത്തിൽ

കൊച്ചി: ദേവികുളം നിയമസഭ മണ്ഡലത്തിൽ നിന്നുള്ള സി.പി.എമ്മിലെ എ. രാജയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിക്ക് അനുവദിച്ച സ്റ്റേ ഇല്ലാതായി. സ്റ്റേ നീട്ടണമെന്നാവശ്യപ്പെട്ട് രാജ നൽകിയ ഹരജി ജസ്റ്റിസ് പി. സോമരാജൻ തള്ളി.

അപ്പീൽ നൽകാൻ അനുവദിച്ച പത്ത് ദിവസത്തിനിടെ രാജ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹരജി ഇതുവരെ പരിഗണനക്ക് വന്നിട്ടില്ല. അപ്പീലിലെ പിഴവാണ് കേസ് പരിഗണിക്കാൻ തടസ്സമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്റ്റേ 20 ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ടാണ് രാജ വീണ്ടും ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, സുപ്രീംകോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈകോടതി ഹരജി തള്ളുകയായിരുന്നു.

ഈ വിധിയോടെ രാജയുടെ അയോഗ്യത വീണ്ടും പ്രാബല്യത്തിലായി. നിയമസഭാംഗമെന്ന നിലയിൽ സമ്മേളനത്തിൽ പെങ്കടുക്കാമെങ്കിലും വോട്ടിങ്ങിൽ പങ്കെടുക്കാനോ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ പാടില്ലെന്ന് സ്റ്റേ അനുവദിച്ച ഉത്തരവിൽ തന്നെ ഹൈകോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ദേവികുളം മണ്ഡലത്തിൽ മത്സരിക്കാൻ രാജക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തിയാണ് ഹൈകോടതി തെരഞ്ഞെടുപ്പ് അസാധുവാക്കിയത്.

ഇടത് സ്ഥാനാർഥിയായ രാജക്കെതിരെ യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാർ നൽകിയ ഹരജിയിൽ വ്യാജ ജാതി രേഖ ഹാജരാക്കിയാണ് എ. രാജ മത്സരിച്ചതെന്ന് കണ്ടെത്തിയിരുന്നു.

Tags:    
News Summary - The High Court rejected A. Raja's request to extend the stay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.