കൊച്ചി: 2017ൽ ശബരിമലയിൽ സ്വർണക്കൊടിമരം പുതുക്കി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ക്രമക്കേടില്ലെന്ന വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച് ഇതുസംബന്ധിച്ച കേസിലെ നടപടികൾ ഹൈകോടതി അവസാനിപ്പിച്ചു. അതേസമയം, ദ്വാരപാലക ശിൽപങ്ങളും ശ്രീകോവിൽ കട്ടിളപ്പാളികളുമായി ബന്ധപ്പെട്ട സ്വർണക്കൊള്ളക്കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് കൂടുതൽ സമയം അനുവദിച്ചു. സ്വർണപ്പാളി സാമ്പിളുകളുടെ പരിശോധനാഫലം വൈകുന്ന സാഹചര്യത്തിലാണിത്. ഭക്തർ സംഭാവന നൽകിയ സ്വർണവുമായി ബന്ധപ്പെട്ട് ക്രമക്കോടോ ക്രിമിനൽ വിശ്വാസ വഞ്ചനയോ നടന്നിട്ടില്ലെന്ന് അന്വേഷണം നടത്തിയ തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂനിറ്റ് ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ശബരിമല സ്വർണക്കൊടിമരം പുതുക്കി നിർമിക്കാൻ 412.010 ഗ്രാം സ്വർണം ഭക്തരിൽനിന്ന് ലഭിച്ചതായാണ് ദേവസ്വത്തിന്റെ മഹസറിലും രേഖകളിലും കാണിച്ചത്. എന്നാൽ, സംഭാവന നൽകിയവരെ വിജിലൻസ് ബന്ധപ്പെടുകയും വിവരം ശേഖരിക്കുകയും ചെയ്തതിൽനിന്ന് ആകെ സംഭാവന ചെയ്ത സ്വർണത്തിന്റെ യഥാർഥ അളവ് 300 ഗ്രാമാണെന്ന് കണ്ടെത്തി. മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ള പ്രാഥമികാന്വേഷണ പ്രകാരം ക്രമക്കേടോ വിശ്വാസവഞ്ചനയോ ഉണ്ടായെന്ന് കണക്കാക്കാനാവില്ലെന്ന് കോടതിയും വിലയിരുത്തി. വിശദവും സൂക്ഷ്മവുമായ അന്വേഷണമാണ് വിജിലൻസ് നടത്തിയതെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് വിജിലൻസ് റിപ്പോർട്ട് സ്വീകരിച്ച് ഈ കേസിലെ നടപടികൾ അവസാനിപ്പിച്ചത്.
സ്വർണപ്പാളി കേസിലാവട്ടെ, സ്വർണ സാമ്പിളുകളുടെ പരിശോധനാ ഫലം ഏപ്രിൽ അവസാനവാരമേ ഹാജരാക്കാനാവൂ എന്നാണ് ജംഷഡ്പുരിലെ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറി എസ്.ഐ.ടിയെ അറിയിച്ചത്. സങ്കീർണമായ പരിശോധനകൾ ആവശ്യമുള്ളതിനാലാണ് ഫലം വൈകുന്നത്. ഇക്കാര്യം എസ്.ഐ.ടി കോടതിയെ അറിയിച്ചത് പരിഗണിച്ചാണ് അന്തിമ റിപ്പോർട്ട് നൽകാനുള്ള സമയം നീട്ടി നൽകിയത്. അന്വേഷണം മാർച്ച് 31ന് പൂർത്തിയാക്കാനാണ് എസ്.ഐ.ടിക്ക് കോടതി നേരത്തെ നിർദേശം നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.