തിരുവനന്തപുരം: ആശുപത്രിപരിസരത്ത് സംഘടനകൾ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും എതിർപ്പ് പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ഭൂമികൈയേറ്റക്കാരെ ഒഴിപ്പിച്ചതിന് അന്നം മുടക്കി എന്ന് വിളിച്ചു പ്രതിഷേധിച്ചിട്ട് കാര്യമില്ല. സംഘടനകളുടെ സ്വകാര്യ താല്പര്യങ്ങളാണ് പൊതിച്ചോറ് വിഷയവുമായി ബന്ധപ്പെട്ട് ഇത്ര വലിയ പ്രതിഷേധം ഉണ്ടാകാൻ കാരണമെന്നും കെ.മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
മന്ത്രിയുടെ വിലക്ക് പൂർണമായി തള്ളി വിതരണവുമായി മുന്നോട്ടുപോകുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചപ്പോൾ, ആശുപത്രിക്കുള്ളിൽ രാഷ്ട്രീയം അനുവദിക്കില്ലെന്ന നിലപാട് മന്ത്രി ആവർത്തിച്ചു. കോളേജിന്റെ അകത്തു ബാനർ കെട്ടാൻ രാഷ്ട്രീയ സംഘടനകൾക്ക് അധികാരമില്ല. ഡി.വൈ.എഫ്.ഐക്കോ സേവാഭാരതിക്കോ സർക്കാരിന്റെ സ്വത്ത് സ്വകാര്യമായി കൈകാര്യം ചെയ്യാൻ അനുവാദമില്ല. കേരളത്തിൽ ഏതു സർക്കാർ ആശുപത്രിയിൽ വഴി തടസ്സം ഉണ്ടായാലും നടപടിയുണ്ടാകും എന്നും മുരളീധരൻ കൂട്ടിച്ചേർത്തു
നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ മാത്രമാണ് കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം വിതരണം ചെയ്യാനുള്ള തീരുമാനം. ആശുപത്രികളിൽ സർക്കാർ മേൽനോട്ടത്തിൽ കമ്യൂണിറ്റി കിച്ചനുകൾ ആരംഭിക്കുമെന്നും താൽപര്യമുള്ളവർക്ക് ഇതിലേക്ക് സംഭാവന നൽകാമെന്നും മന്ത്രി അറിയിച്ചിരുന്നു. ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൻ നടത്താനും കൈയേറ്റക്കാരെ ഒഴിപ്പിക്കാനും എച്ച്.ഡി.എസിലെ (ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി) അംഗങ്ങൾ ആണ് തീരുമാനിച്ചത്. സ്ഥലം കയ്യേറിയതായി പരാതി തന്നതും അവരാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.