കള്ളൻ വിജയൻ കളംവിട്ടു; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

കോഴിക്കോട്: ‘കള്ളൻ വിജയൻ’ എന്ന പേരിലുള്ള നാടക നിരൂപണം ഒഴിവാക്കി, വി.എസിന്‍റെ ഓർമക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് ദേശാഭിമാനി പുറത്തിറക്കി. ‘വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം’ എന്ന തലക്കെട്ടിലുള്ള വി.എസ് ഓർമക്കുറിപ്പും ‘കള്ളൻ വിജയൻ’ എന്ന പേരിലുള്ള നാടക നിരൂപണവും അടങ്ങിയ വാരാന്തപ്പതിപ്പ് ദേശാഭിമാനി ഇന്നലെ വിതരണം ചെയ്തിരുന്നില്ല. ഇത് വിവാദമായിരുന്നു. 21ന് വി.എസിന്‍റെ ഓർമദിനം എന്നിരിക്കെ, സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികത്തിന് മുന്നോടിയായി പ്രസിദ്ധീകരിക്കാനിരുന്ന ഓർമക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’ വിതരണം ചെയ്യാതിരുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് ആക്ഷേപം ഉയർന്ന ലേഖനം ഒഴിവാക്കി വാരാന്തപ്പതിപ്പ് പുറത്തിറക്കിയത്.

വാരാന്തപ്പതിപ്പ് ഇല്ലാതെയായിരുന്നു ഇന്നലെ ദേശാഭിമാനി പുറത്തിറങ്ങിയത്. ‘കള്ളൻ വിജയൻ’ എന്ന പേരിലുള്ള നാടക നിരൂപണം ഉൾപ്പെട്ടതാണ് അവസാന നിമിഷം വാരാന്തപ്പതിപ്പ് പിൻവലിച്ചതിന് പിന്നിലെ കാരണമെന്നാണ് വിവരം. വാരാന്തപ്പതിപ്പ് പൂർണമായി അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്ന് അവസാന നിമിഷം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്ന് പത്രത്തിൽ അറിയിപ്പ് നൽകിയിരുന്നു.

വി.എസ്. അച്യുതാനന്ദന്റെ മുൻ പ്രസ് സെക്രട്ടറിയും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമക്കുറിപ്പായിരുന്നു ഈ വാരാന്തപ്പതിപ്പിൽ ഉണ്ടായിരുന്നത്.

എന്നാൽ, സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ വി.എസിന്റെ ഓർമക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട് അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നതെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജിന്റെ പ്രതികരണം. "നമ്മളോടൊപ്പം ഇല്ലാത്ത വി.എസിനെ അടിസ്ഥാനമില്ലാത്ത കാര്യങ്ങളിൽ വലിച്ചിഴക്കരുത്. 21-ലെ പത്രത്തിൽ വി.എസിനെ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക പേജ് തന്നെ ഉണ്ടാകും" എന്നും ദേശാഭിമാനി റെസിഡന്റ് എഡിറ്റർ കൂടിയായ സ്വരാജ് പറഞ്ഞിരുന്നു.

Tags:    
News Summary - Deshabhimani weekly edition released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.