നയപ്രഖ്യാപന പ്രസംഗം നടത്താനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ സ്പീക്കർ എ.എൻ. ഷംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എം.ബി. രാജേഷ്, നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ, ഗവർണറുടെ അഡീഷനൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ ദൊത്താവത്ത്, ചീഫ് സെക്രട്ടറി ഡോ. ശാരദ മുരളീധരൻ എന്നിവർ നിയമസഭയിലേക്ക് ആനയിക്കുന്നു (ചിത്രം: പി.ബി.ബിജു)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകൾ ചേർത്തുപിടിച്ചും കുശലം പറഞ്ഞും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. മലയാളത്തിൽ ‘നമസ്കാരം’ പറഞ്ഞ് നയപ്രഖ്യാപനം ആരംഭിച്ച ഗവർണർ സർക്കാറിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. ചുമതലയേറ്റ ശേഷം ആദ്യമായി നിയമസഭയിലെത്തിയ ഗവർണർക്ക് നൽകിയത് ഊഷ്മള വരവേൽപ്. നയപ്രഖ്യാപനം വായിക്കാതെയും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുഖംനൽകാതെയും കലുഷിതമായ നയപ്രഖ്യാപനങ്ങളുടെ സമീപകാലനുഭവങ്ങൾക്കിടയിൽ വ്യത്യസ്തമാവുകയായിരുന്നു ഈ ബജറ്റ് സമ്മേളനത്തുടക്കം.
രാവിലെ 8.45നാണ് നയപ്രഖ്യാപനത്തിനായി ഗവർണർ രാജ്ഭവനിൽ നിന്നിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, പാർലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർ ഗവർണറെ സ്വീകരിക്കാൻ നിയമസഭക്ക് മുന്നിലുണ്ടായിരുന്നു. 8.50 ഓടെ നിയമസഭ കവാടം കടന്ന് ഗവർണറുടെ വാഹനവ്യൂഹം പോർച്ചിലേക്ക്.
വാഹനത്തിൽ നിന്ന് കൈകൂപ്പി പുറത്തേക്കിറങ്ങിയ ഗവർണർക്ക് ആദ്യം പൊലീസിന്റെ വക ഗാർഡ് ഓഫ് ഓണർ. തുടർന്ന് സ്വീകരണം. ആദ്യം കൈ നൽകിയത് മുഖ്യമന്ത്രിക്ക്. പൂച്ചെണ്ട് കൈമാറിയാണ് മുഖ്യമന്ത്രിയുടെ സ്വീകരണം. പിന്നാലെ, മന്ത്രി എം.ബി. രാജേഷിന്റെ വക പൂച്ചെണ്ട്. തോളിൽ പിടിച്ചായിരുന്നു രാജേഷിനുള്ള പ്രത്യഭിവാദ്യം.
നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ വിമർശനവും ഗവർണർ വായിച്ചു. ദേശീയപാതക്കായുള്ള ഭൂമിയേറ്റെടുക്കലിൽ ചെലവ് സംസ്ഥാനത്തിന്റെ പൊതുകടപരിധിൽ ഉൾപ്പെടുത്തിയതിലായിരുന്നു വിമർശനം. ഈ സമീപനം വൻകിട പദ്ധതികളെ പിന്തുണക്കുന്നതിൽ നിന്ന് കേരളത്തെ പിന്തിരിപ്പിക്കുമെന്ന് ഗവർണർ വ്യക്തമാക്കി.
1.56 മണിക്കൂർ നീണ്ടു നയപ്രഖ്യാപന പ്രസംഗം. പ്രതിപക്ഷ ബെഞ്ചിന് അഭിവാദ്യമേകിയാണ് ഗവർണർ സഭയിൽനിന്ന് മടങ്ങിയത്. സഭക്കുള്ളിലെ ചെറിയ പടിക്കെട്ടുകൾ കയറാൻ ഗവർണർ വല്ലാതെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. നടത്തം അൽപം നിർത്തി ഇക്കാര്യം അനുഗമിച്ച മുഖ്യമന്ത്രിയോടും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.