തിരുവനന്തപുരംം : മികവിനായുള്ള വിദ്യാഭ്യാസത്തിന് വേണ്ടി ഡോ.എം.എ ഖാദർ അധ്യക്ഷനായ വിദഗ്ദ്ധ സമിതി റിപ്പോർട്ട് പുറത്തു വിടാതെ സർക്കാർ. അതേസമയം, വിവാദമായ റിപ്പോർട്ടിന്റെ ആദ്യ ഭാഗം നടപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥതല യോഗം നടത്തി. സ്കൂൾ സമയമാറ്റം പോലെ ചില വിവാദ കാര്യങ്ങൾ, റിപ്പോർട്ടിൽ നിന്ന് സർക്കാർ ഉർത്തിക്കാണിക്കുന്നുണ്ട്. എന്നാൽ, അതിനേക്കാൾ ഗുരുതരവും വിമർശം ക്ഷണിച്ചു വരുത്തുന്നതുമായ കാര്യങ്ങൾ റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ടാവാം എന്നതിനാലാണ് സർക്കാർ പൂർണ റിപ്പോർട്ട് പുറത്തുവിടാൻ വിസമ്മതിക്കുന്നതെന്നാണ് വിദ്യാഭ്യാസ രംഗത്തുള്ളവരുടെ ആശങ്ക.
സെപ്റ്റംബർ 22 ന് ഒരു റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചെങ്കിലും ഇതുവരെയും റിപ്പോർട്ടിന്റെ പൂർണ രൂപം പുറത്തു വന്നിട്ടില്ല. റിപ്പോർട്ട് വെബ് സൈറ്റിലും പ്രസിദ്ധീകരിക്കുന്നത് നീണ്ടു പോകുന്നു. ഒന്നാം ഭാഗം 2018 ൽ പ്രസിദ്ധീകരിച്ചപ്പോൾ വലിയ വിവാദങ്ങളും എതിർപ്പുകളും. ഉയർന്നു വന്നിരുന്നു.
ഹയർ സെക്കന്ററിയെ പൊതു സ്കൂൾ വിദ്യാഭ്യാസവുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു. പുതിയ റിപ്പോർട്ടിൽ അക്കാദമിക തലത്തിൽ വരുത്താൻ പോകുന്ന നിരവധി നിർദേശങ്ങൾ പ്രതിഷേധത്തിന് കാരണമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നു. അതിനാലാണ് റിപ്പോർട്ട് അധ്യാപക സംഘടനാ പ്രതിനിധികൾക്ക് പോലും നൽകാതെ, വിശദമായ പത്രക്കുറിപ്പ് മാത്രം നൽകിയത്.
അതേ സമയം ഖാദർ കമ്മിറ്റി റിപ്പോർട്ട് പൊതു ചർച്ചക്ക് സമർപ്പിച്ചുവെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ പത്രകുറിപ്പിന്റെ അടിസ്ഥാനത്തിൽ ആണോ നിർദേശങ്ങൾ മുന്നോട്ടു വെയ്ക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പിന്റെ കുറിപ്പിൽ പ്രധാനപ്പെട്ട പല നിർദ്ദേശങ്ങളും വിട്ടു കളഞ്ഞുവെന്ന് വിദ്യാഭ്യാസ പ്രവർത്തകരുടെ ആക്ഷേപം.
പൊതു വിദ്യാഭ്യാസത്തെ സമഗ്രമായി ബാധിക്കുന്ന റിപ്പോർട്ട് വിശദപരിശോധനക്കായി പൂർണ രൂപം ഉടനെ പുറത്തു വിടണമെന്ന് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി ഭാരവാഹികളായ പ്രഫ. ജോർജ് ജോസഫ്, എം.ഷാജർഖാൻ, അഡ്വ. ഇ.എൻ ശാന്തിരാജ് തുടങ്ങിയവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.