ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ പൂർണമായി അണച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി

പള്ളിക്കര: കൊച്ചി കോർപറേഷന്റെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീ പൂർണമായി അണച്ചു. വൈകീട്ട് ഏഴോടെയാണ് അഗ്നിബാധ നിയന്ത്രണ വിധേയമായത്. രാത്രി വൈകിയും മാലിന്യത്തിൽ നിന്ന് പുക ഉയർന്നിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഞായറാഴ്ച വൈകീട്ട് 3.30നാണ് ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ സെക്ടർ ഏഴിൽ തീപിടിത്തമുണ്ടായത്. ഫയർ വാച്ചർമാരാണ് തീപിടിത്തം കണ്ടത്. ഈ സമയം അവിടെ ഉണ്ടായിരുന്ന മൂന്ന് ഫയർ യൂനിറ്റുകൾ ഉപയോഗിച്ച് തീയണക്കാൻ ശ്രമം ആരംഭിച്ചു.

നാല് എക്സ്കവേറ്റർ ഉപയോഗിച്ച് ഇളക്കിമറിച്ചാണ് തീയണക്കാൻ ശ്രമിച്ചത്. പിന്നീട് നാല് അഗ്നിരക്ഷാ സേന യൂനിറ്റുകൾ കൂടിയെത്തി തീയണക്കാൻ ശ്രമം ആരംഭിച്ചു. കാറ്റ് കിഴക്ക് ഭാഗത്തേക്ക് വീശിയത് കൂടുതൽ ഭാഗത്തേക്ക് തീ പടരാതിരിക്കാൻ കാരണമായി.

മാർച്ച് മാസത്തിൽ തുടർച്ചയായി രണ്ടാം തവണയാണ് തീപിടിത്തം ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ടിന് മാലിന്യപ്ലാന്‍റിൽ 13 ദിവസം നീണ്ട വലിയ തീപിടിത്തം ഉണ്ടായിരുന്നു. അന്ന് മുതൽ മൂന്ന് അഗ്നിരക്ഷാസേന യൂനിറ്റ് ഇവിടെ നിരീക്ഷണത്തിനുണ്ട്. തീകണ്ട ഉടൻ ഇവർ കെടുത്താൻ ശ്രമം തുടങ്ങിയത് പടരാതിരിക്കാൻ കാരണമായി.

കഴിഞ്ഞ തീപിടിത്തത്തെ തുടർന്ന് പരിസരങ്ങളിലെ ജനങ്ങൾ വൻ ദുരിതത്തിലായിരുന്നു. പലർക്കും ചുമ, ശ്വാസകോശ സംബന്ധമായ പല അസുഖങ്ങളും കൊണ്ട് വലിയ പ്രതിസന്ധിയിലായി. അത് മാറുന്നതിന് മുമ്പാണ് വീണ്ടും തീപിടിത്തം ഉണ്ടായത്. ഇത് ജനങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. 

Tags:    
News Summary - The fire at the Brahmapuram waste plant has been completely extinguished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.