യുവാവിനെ പൊലീസ്​ മർദിച്ച സംഭവം എറണാകുളം സെൻട്രൽ എ.സി.പി അന്വേഷിക്കും

കൊച്ചി: കാക്കനാട് തുതിയൂർ സ്വദേശിയെ എറണാകുളം കസബ പൊലീസ്​ മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. എറണാകുളം സെൻട്രൽ എ.സി.പിയാണ് അന്വേഷിക്കുക. തൃക്കാക്കര എം.എൽ.എ ഉമ തോമസ് നൽകിയ പരാതിയിലാണ് സിറ്റി പൊലീസ് കമീഷണർ അന്വേഷണത്തിന് നിർദേശം നൽകിയത്.

ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കാക്കനാട് തുതിയൂർ സ്വദേശിയായ റെനീഷ് എന്ന യുവാവിനെ എറണാകുളം കസബ പൊലീസ്​ മർദിച്ചതായാണ്​ പരാതി. ഇദ്ദേഹം കാക്കനാട് സഹകരണ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

നഗരത്തിലെ ഹോട്ടലുകളിലേക്ക് ജോലിക്കാരെ നൽകുന്ന കമ്പനിയിലെ ജീവനക്കാരായ റെനീഷും സുഹൃത്തും തൊഴിലാളികളെ അന്വേഷിച്ച് നോർത്ത് പാലത്തിന് സമീപമെത്തുകയായിരുന്നു. കടുത്ത വെയിലായതിനാൽ പാലത്തിനടിയിൽ വിശ്രമിക്കവെ യൂനിഫോമിലും മഫ്തിയിലുമെത്തിയ കസബ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും കാര്യം തിരക്കിയപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് സ്റ്റാറുള്ള ഉദ്യോഗസ്ഥൻ ലാത്തി കൊണ്ട്​ അടിച്ചെന്നുമാണ്​ റെനീഷ് പറയുന്നു.

അതിനെ എതിർത്തപ്പോൾ നാലുവട്ടം മുഖത്തടിച്ച്​. പിന്നീട് ബലമായി ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. അടികിട്ടിയതിന് പിന്നാലെ ഛർദിക്കുകയും തലകറങ്ങി വീഴുകയും ചെയ്തു. ഇതോടെ പൊലീസ്​ എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടു പോയെന്നും യുവാവ് പറഞ്ഞു.

വിവരമറിഞ്ഞ് കമ്പനിയിലെ മാനേജർ എത്തിയാണ് യുവാവിനെ ജാമ്യത്തിലിറക്കിയത്. കേസുകളൊന്നുമില്ലെന്നും സംശയത്തിന്‍റെ പേരിലാണ് പിടികൂടിയതെന്നും പൊലീസ് പറഞ്ഞതായും യുവാവ് പറയുന്നു. വീട്ടിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെയാണ് കാക്കനാട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Tags:    
News Summary - The Ernakulam Central ACP will investigate the incident of beating up the youth by the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.