നെടുമങ്ങാട്: പനവൂരിൽ ഒന്നരവയസ്സുകാരൻ അർഷിതിന്റെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി അഷ്കർ. ഇന്നലെ നടന്ന തെളിവെടുപ്പിനുശേഷമാണ് നാടിനെ വിറപ്പിച്ച ക്രൂര കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തന്റെയും പങ്കാളി അഖിലയുടെയും സ്വൈര്യജീവിതത്തിന് ഒരു തടസ്സമാണെന്ന് തോന്നിയതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് രണ്ടാനച്ഛനായ അഷ്കർ പൊലീസിനോട് പറഞ്ഞു. മൂന്ന് മാസം മുമ്പുതന്നെ കൊലപാതകത്തെക്കുറിച്ച് തീരുമാനിച്ചിരുന്നുവെന്നും ഒരു മാസത്തോളം കുഞ്ഞിനെ ക്രൂരമായ മർദനത്തിന് ഇരയാക്കിയെന്നുമാണ് മൊഴി.
കൊലപാതകം നടത്തിയ ദിവസം അഖില വീട്ടിലുണ്ടായിരുന്നില്ല. കുഞ്ഞ് ഉറക്കെ കരഞ്ഞപ്പോൾ തലയിൽ അടിക്കുകയായിരുന്നു. ബോധം വരാതായതോടെ മരണം ഉറപ്പാക്കുകയും, ശേഷം തെളിവുകൾ നശിപ്പിക്കാൻ വീടും പരിസരവും വൃത്തിയാക്കി കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്യുകയായിരുന്നു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ബോധം പോയന്നാണ് ആശുപത്രി അധികൃതരോട് അഷ്കർ പറഞ്ഞതെന്ന് പൊലീസിന് മൊഴി നൽകി.
കഴിഞ്ഞ ഒരു മാസമായി കുഞ്ഞിന് നേരെ അതിക്രൂരമായ ശാരീരിക ഉപദ്രവങ്ങൾ നടത്തിയിരുന്നു അഷ്കർ. പലപ്പോഴും കുഞ്ഞിന്റെ മാതാവ് അഖിലയുടെ സാന്നിധ്യത്തിലായിരുന്നു ഉപദ്രവം. കരയുമ്പോൾ ശബ്ദം പുറത്തറിയാതിരിക്കാൻ വായിൽ തുണി തിരുകിയാണ് മർദിച്ചിരുന്നത്. കുഞ്ഞിനെ മർദിക്കാനും പൊള്ളിക്കാനും ഉപയോഗിച്ച സാധനങ്ങൾ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും ബാക്കിയുള്ളവ കത്തിച്ചുകളഞ്ഞെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ അഷ്കറിനെ തെളിവെടുപ്പിനായി പൊലീസ് കരിക്കുഴിയിൽ എത്തിച്ചപ്പോൾ വൻ ജനരോഷമാണ് അരങ്ങേറിയത്. തെളിവെടുപ്പ് സമയത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് അഷ്കർ പൊലീസിനോട് സംഭവങ്ങൾ വിവരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അർഷിതിന്റെ അമ്മ അഖിലയെയും (21) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.