ദീപുവിന്‍റെ മരണം കൊലപാതകമാക്കി മാറ്റാനുള്ള നീക്കം ദുരുപദിഷ്ടമാണെന്ന് സി.പി.എം

കോലഞ്ചേരി: കിഴക്കമ്പലത്തെ ട്വന്‍റി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തെ രാഷ്‌ട്രീയ ആയുധമാക്കാനുള്ള കിറ്റെക്‌സ്‌ എം.ഡി സാബു എം. ജേക്കബിന്‍റെ നീക്കത്തിനെതിരെ വിശദീകരണവുമായി സി.പി.എം. ദീപുവിന്‍റെ മരണം കൊലപാതകമാക്കി മാറ്റാൻ നടക്കുന്ന നീക്കം ദുരുപദിഷ്ടമാണെന്ന് ജില്ലാ സെക്രട്ടറിയേറ്റംഗം സി.ബി. ദേവദർശൻ പറഞ്ഞു. കിറ്റെക്സ് എം.ഡിയും കാവുങ്ങൽ പറമ്പ് വാർഡ് മെമ്പറും ഇതിനായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നും ദേവദർശൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പിൽ ട്വന്റി20 പാർട്ടിക്ക് സംഭവിച്ച പരാജയത്തെ തുടർന്ന് അതിൽ തുടർച്ചയായി അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് സാബു എം. ജേക്കബ് ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് ശരിയായ നിലയിൽ അന്വേഷണം നടത്തി വസ്‌തുതകൾ പുറത്തു വരണം. സി.പി.എമ്മിന് ഈ സംഭവത്തിൽ യാതൊരു പങ്കുമില്ല. കിറ്റെക്‌സ് കമ്പനിയിൽ ക്രിസ്‌തുമസ് രാവിൽ നടന്ന സംഭവവികാസങ്ങളും പൊലീസ് വാഹനം കത്തിക്കലും പ്രദേശത്തെ ക്രമസമാധാനം തകർക്കുന്ന നിലയിലേക്ക് ഉയർന്നുവന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ തീർത്തും ഒറ്റപ്പെട്ട സാബു ഈ മരണത്തെ താൽകാലിക ലാഭത്തിനായി ഉപയോഗിക്കുകയാണ്‌.

ഫെബ്രുവരി 12ന് ലൈറ്റണക്കൽ സമരം നടന്ന് 13, 14 തീയതികളിൽ കാവുങ്ങപറമ്പിലും പരിസരത്തുമുണ്ടായിരുന്ന ദീപു പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലെത്തി തലവേദനയുണ്ടെന്നും വിവിധ രോഗങ്ങളുണ്ടെന്നും അതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും മാത്രമാണ് ഡോക്‌റോട് പറഞ്ഞതെന്നാണ് അറിയുവാൻ കഴിയുന്നത്. അവിടെ നിന്നും രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ ബോധക്ഷയമുണ്ടായതായാണ് അറിയുന്നത്. ഫെബ്രുവരി 12ന് ശനിയാഴ്‌ച ട്വന്റി20ക്കാരായവർ തന്നെ ലൈറ്റണക്കൽ സമരത്തിൽ പങ്കെടുക്കാതെ വന്നപ്പോൾ നിർബന്ധിച്ച് ലൈറ്റണപ്പിക്കാൻ ശ്രമിച്ചതിനെതിരെ അവരുടെ സജീവ പ്രവർത്തകരായിരുന്നവർ തന്നെ പ്രതിഷേധിച്ചിട്ടുണ്ട്. സി.പി.എം ഇക്കാര്യത്തിൽ ഒരു സന്ദർഭത്തിലും ഇടപെട്ടിട്ടില്ലെന്നും ദേവദർശൻ വ്യക്തമാക്കി.

13ന് പാർട്ടി സംസ്ഥാന സമ്മേളനത്തിന് ഹുണ്ടിക ശേഖരണം നടന്ന ദിവസം ദീപുവിന്റെ വീട്ടിലും പാർട്ടി പ്രവർത്തകർ സന്ദർശനം നടത്തിയിരുന്നു. ദീപു അമ്മയോട് പണം വാങ്ങി അതിൽ പങ്കാളിയാവുകയും ചെയ്‌തതാണ്. ദീപുവും പാർട്ടി പ്രവർത്തകരും തമ്മിൽ യാതൊരു തർക്കവും സംഘർഷവും അവിടെയുണ്ടായിരുന്നില്ല. ഒരു വീട്ടിലെ ലൈറ്റ് അവരുടെ അനുവാദമില്ലാതെ അതിക്രമിച്ചു കയറി അണച്ചതിന്റെ പേരിൽ അവിടെയുണ്ടായിരുന്ന വാക്കുതർക്കം അന്നേ പരിഹരിക്കപ്പെട്ടു പോയതുമാണ്.

എന്നാൽ, ഇതിനിടയിൽ ദീപുവിന്റെ രോഗാവസ്ഥയെ ഉപയോഗിച്ച് പ്രശ്‌നത്തെ രാഷ്‌ട്രീയവൽക്കരിക്കാൻ ഗൂഢശ്രമം നടത്തുകയായിരുന്നു. പഴങ്ങനാട് ആശുപത്രിയിൽ പോകുന്നതിന് മുമ്പ് നടന്ന കാര്യങ്ങൾ വിശദമായും ഗൗരവമായും അന്വേഷിക്കണം. ആശുപത്രിയിൽ പോയതിന് ശേഷം രോഗാവസ്ഥയെ കൊലപാതകമാക്കി വക്രീകരിക്കാനുള്ള ഗൂഢശ്രമം നടന്നിട്ടുണ്ട്. 12, 13 തീയതികളിലും 14ന് ഉച്ചവരെയും യാതൊരുവിധ ശാരീരിക അസ്വസ്ഥതകളുമില്ലാതെ പിന്നീട് ആശുപത്രിയിൽ പോകേണ്ടിവന്ന ദീപു, അബോധാവസ്ഥയിൽ വന്ന ശേഷം ട്വന്റി20യുടെ പഞ്ചായത്തംഗം വ്യാജ പരാതി നൽകിയതിന് പിന്നിലുള്ള ഗൂഢാലോചനയും ഗൗരവമായി അന്വേഷിക്കണം.

കുന്നത്തുനാട് എം.എൽ.എയെ അംഗീകരിക്കില്ലെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന കിറ്റെക്‌സ് എം.ഡി ഈ പ്രശ്‌നത്തിലും എം.എൽ.എക്കെതിരെ കുപ്രചരണം നടത്തുകയാണ്. പൊതു മണ്ഡലത്തിൽ തങ്ങൾക്ക് സ്വീകാര്യത കുറയുന്നുവെന്ന് മനസിലാക്കിയവർ നിർമ്മിത നുണക്കഥകളുമായി രംഗത്ത് വരുന്നത് തിരിച്ചറിയണമെന്നും ദേവദർശൻ ആവശ്യപ്പെട്ടു.

Tags:    
News Summary - The CPM has said that the move to turn Deepu's death into a murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.