ഓണം വാരാഘോഷത്തിന് നാളെ കൊടിയിറക്കം, പ്രൗഢഗംഭീര ഘോഷയാത്രക്കൊരുങ്ങി നഗരം

തിരുവനന്തപുരം: നാടും നഗരവും ജാതി മത ഭേദമെന്യേ ഒരുമനസായി കൊണ്ടാടിയ ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീരമായ സാംസ്‌കാരിക ഘോഷയാത്രയോടെ ശനിയാഴ്ച ഔദ്യോഗിക സമാപനം. വൈകീട്ട് അഞ്ചിന് വെള്ളയമ്പലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാസ്‌കാരിക ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.മുഖ്യാതിഥി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഗവര്‍ണര്‍ക്ക് പതാക കൈമാറും.

മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാദ്യമേളങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സമാപന സമ്മേളനത്തിൽ നടന്മാരായ ഷെയിൻ നിഗം,നീരജ് മാധവ്, നീരജ് മാധവ്,ആന്റണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു,ജി.ആര്‍.അനില്‍ എന്നിവരും പങ്കെടുക്കും. വൈവിധ്യമാര്‍ന്ന അറുപതോളം ഫ്ളോട്ടുകളും മൂവായിരത്തോളം കലാകാരന്മാരും വിവിധ സേനാവിഭാഗങ്ങളും അണിനിരക്കുന്ന ഘോഷയാത്രയുടെ ഒരുക്കങ്ങളെല്ലാം ഇതിനോടകം പൂര്‍ത്തിയായി.

ശനിയാഴ്ച ഉച്ചക്ക് മൂന്നിന് ശേഷം നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെങ്കിലും കാണികളായി എത്തുന്നവര്‍ക്ക് യാത്രാ സൗകര്യമുണ്ടാകും. ഘോഷയാത്ര കടന്നു പോകുന്ന വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെയുള്ള പാതയുടെ ഇരുവശവും നിന്ന് പൊതുജനങ്ങള്‍ക്ക് ഘോഷയാത്ര വീക്ഷിക്കാനുള്ള സൗകര്യവുമുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഘോഷയാത്ര കാണുന്നതിനായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.പബ്ലിക്ക് ലൈബ്രറിക്ക് മുന്നിൽ വി.വി.ഐ.പി പവലിയനും യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ വി.ഐ.പി പവലിയനും മ്യൂസിയം ഗേറ്റിന് മുന്നില്‍ പ്രത്യേക സ്റ്റേജും ഒരുക്കിയിട്ടുണ്ട്.

ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ അവസാന ദിനം കൊഴുപ്പിക്കാന്‍ പ്രധാന വേദിയായ നിശാഗന്ധിയില്‍ വൈകുന്നേരം ഏഴുമുതല്‍ പിന്നണി ഗായകന്‍ ഹരിശങ്കര്‍ നയിക്കുന്ന സംഗീത പരിപാടി അരങ്ങേറും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോബ് കുര്യന്‍ ബാന്‍ഡിന്റെയും പൂജപ്പുരയില്‍ രാഗവല്ലി ബാന്‍ഡിന്റെയും സംഗീതവിരുന്നും അവസാന ദിനത്തിന് മാറ്റുകൂട്ടും.

Tags:    
News Summary - The city is gearing up for a grand procession and flag hoisting for the Onam week tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.