തിരുവനന്തപുരം: ഗവർണർക്കെതിരായ പ്രതിഷേധ പരിപാടിയിൽ ഉദ്ഘാടകനായി മുഖ്യമന്ത്രിയെത്തുന്നു. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്ന കൺവെൻഷനിലാണ് അദ്ദേഹം പങ്കെടുക്കുക. വൈകീട്ട് മൂന്നിന് എ.കെ.ജി ഹാളിൽ നടക്കുന്ന പരിപാടിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുക്കുന്നുണ്ട്.
ഗവർണർക്കെതിരെ എൽ.ഡി.എഫ് പ്രത്യക്ഷ സമരം നടത്തുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ആദ്യമായാണ് സമരത്തിൽ പങ്കെടുക്കുന്നത്. എന്നാൽ, 15ന് രാജ്ഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല. രാഷ്ട്രീയ പരിപാടി ആയതിനാലാണ് അതിൽ പങ്കെടുക്കാത്തതെന്നും ഇന്ന് നടക്കുന്നത് അത്തരത്തിൽ അല്ലെന്നുമാണ് മുന്നണി നേതൃത്വത്തിന്റെ വിശദീകരണം.
അതേസമയം, വിസിമാരെ പുറത്താക്കാനുള്ള നടപടികളുമായി ഗവർണർ മുന്നോട്ട് പോകുകയാണ്. കാരണം കാണിക്കാനുള്ള സമയം നാളെ അവസാനിക്കുമെന്ന് ഓര്‍മിപ്പിച്ച് ഗവർണർ വിസിമാർക്ക് വീണ്ടും കത്ത് നൽകി. ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹരജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. ഉച്ചക്ക് 1.45ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.