ഭരണഘടനയുടെ അടിസ്ഥാന ശിലകളെ കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നു -യെച്ചൂരി

കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ അടിസ്ഥാന ശിലകളെ കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു. ജമ്മു കശ്മീരിന്‍റെ സംസ്ഥാനപദവി റദ്ദാക്കിയത്, ആർട്ടിക്കിൾ 370 പിൻവലിച്ചത്, പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് തുടങ്ങിയ നടപടികളെല്ലാം ഇതിന്‍റെ ഭാഗമാണ്. പൗരത്വനിയമം വഴി പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തിയത് ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടിൽ നിന്നുള്ള വ്യതിയാനമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളെ അട്ടിമറിക്കുന്ന തീരുമാനങ്ങളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. പാർലമെന്‍റിന്‍റെയും ജുഡീഷ്യറിയുടെയും സ്വതന്ത്ര സ്വഭാവത്തെ മാറ്റുന്നതിനാണ് ശ്രമം നടക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുമുള്ള കേസുകൾ മൂന്ന് വർഷമായി ഉന്നതനീതിപീഠത്തിന് മുന്നിലാണ്. ഇതുവരെ കേൾക്കാൻ തയാറായിട്ടില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

കൊച്ചി മറൈൻ ഡ്രൈവിലെ ബി. രാഘവൻ നഗറിലാണ് സമ്മേളനം പുരോഗമിക്കുന്നത്. രാവിലെ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ പതാകയുയർത്തി. സമ്മേളനത്തിൽ 400 പ്രതിനിധികളും 23 നിരീക്ഷകരുമാണ്‌ പങ്കെടുക്കുന്നത്‌. പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, എസ്‌. രാമചന്ദ്രൻപിള്ള, എം.എ ബേബി, ബൃന്ദ കാരാട്ട്‌, ജി. രാമകൃഷ്‌ണൻ എന്നിവരും പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. നയരേഖ വൈകീട്ട്‌ നാലിന്‌ പൊളിറ്റ്‌ ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. വൈകിട്ട്‌ 5.30ന്‌ ഗ്രൂപ്പുചർച്ച തുടങ്ങും.

Tags:    
News Summary - The Central Government is subverting the cornerstones of the Constitution - Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.