തപാൽ വകുപ്പിലെ ഏറ്റവും വലിയ സംഘടനയുടെ അംഗീകാരം കേന്ദ്രം പിൻവലിച്ചു

തൃശൂർ: കേന്ദ്രസർക്കാറിനെ മുൾമുനയിൽ നിർത്തിയ കർഷകപ്രക്ഷോഭത്തെ സാമ്പത്തികമായി സഹായിച്ചെന്ന ‘കുറ്റത്തിന്​’ തപാൽ വകുപ്പിലെ ഏറ്റവും വലിയ സംഘടനയുടെ അംഗീകാരം പിൻവലിച്ച്​ വാർത്തവിനിമയ മന്ത്രാലയം. 74 ശതമാനം തപാൽ ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്‍റെ (എൻ.എഫ്​.പി.ഇ) അംഗീകാരമാണ്​ ഉടൻ പ്രാബല്യത്തോടെ പിൻവലിച്ച്​ ബുധനാഴ്ച ഉത്തരവിറക്കിയത്​.

ഒപ്പം, ക്ലാസ്​-3 സംഘടനയായ അഖിലേന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂനിയന്‍റെ അംഗീകാരവും പിൻവലിച്ചു. നാല്​ ശതമാനം മാത്രം ജീവനക്കാരുടെ പിന്തുണയുള്ള ഭരണാനുകൂല സംഘടനയുടെ ഇടപെടലിലാണ്​ ഭൂരിപക്ഷ സംഘടനയുടെ അംഗീകാരം ഇല്ലാതാക്കിയതെന്ന ​ ആക്ഷേപം ശക്തമാണ്​. രണ്ട്​ സംഘടനകളുടെ അംഗീകാരം പിൻവലിച്ചതിൽ നന്ദി അറിയിച്ചും അവരെ പൂർണമായി അകറ്റിനിർത്താനുള്ള മാർഗങ്ങൾ ഉപദേശിച്ചും ബി.എം.എസിൽ അഫിലിയേറ്റ്​ ചെയ്ത ‘ഭാരതീയ പോസ്റ്റൽ എംപ്ലോയീസ്​ അസോസിയേഷൻ ഗ്രേഡ്​ -സി’ പോസ്റ്റൽ സർവിസ്​ ഡയറക്ടർ ജനറലിന്​ വ്യാഴാഴ്ച കത്തും നൽകി.

ഏകപക്ഷീയമായി അംഗീകാരം പിൻവലിച്ച നടപടിയിൽ കേന്ദ്ര ഗവ. ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. നാല് ശതമാനം ജീവനക്കാരുടെ പോലും പിന്തുണയില്ലാത്ത സംഘടനകൾ ഭരണത്തിന്റെ പിന്തുണയോടെ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനയുടെ അംഗീകാരം പിൻവലിക്കുന്നത്. കർഷക പ്രക്ഷോഭത്തിന്​ കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ മുഖേന സാമ്പത്തിക സഹായം നൽകി, സി.പി.എമ്മിന്​ 4,935 രൂപയും സി.ഐ.ടി.യുവിന്​ 50,000 രൂപയും നൽകി എന്നിവയാണ്​ ഇരുസംഘടനകൾക്കുമെതിരായ കുറ്റം.

സംഘടനാംഗങ്ങളുടെ ആവശ്യങ്ങൾക്ക്​ മാത്രമേ വരിസംഖ്യയും മറ്റും ഉപയോഗിക്കാവൂ എന്ന് വ്യവസ്ഥയിൽ പറയുന്നുണ്ടെങ്കിലും പ്രളയം, വരൾച്ച, മറ്റ് പ്രകൃതിദുരന്തങ്ങൾ എന്നിവയുടെ സമയത്ത് യൂനിയൻ ഫണ്ടിൽനിന്ന്​ സർക്കാറിനും ദുരിതബാധിതർക്കും സഹായം നൽകാറുണ്ടെന്ന്​ വിശദീകരണ നോട്ടീസിനുള്ള മറുപടികൾ ഇരുസംഘടനകളും ചൂണ്ടിക്കാട്ടിയെങ്കിലും അത്​ അംഗീകരിച്ചില്ല.

എൻ.എഫ്​.പി.ഇയും 20 ശതമാനം അംഗങ്ങളുടെ പിന്തുണയുള്ള കോൺഗ്രസ്​ അനുകൂല സംഘടനയായ ഫെഡറേഷൻ ഓഫ്​ നാഷനൽ പോസ്റ്റൽ ഓർഗനൈസേഷനും (എഫ്​.എൻ.പി.ഒ) മാത്രമാണ്​ തപാൽ വകുപ്പിലെ അംഗീകൃത സംഘടനകൾ. 35 ശതമാനമോ അതിലധികമോ ജീവനക്കാരുടെ പിന്തുണയുള്ള സംഘടനക്കാണ്​ ഒന്നാമത്തെ അംഗീകാരം ലഭിക്കുക. രണ്ടാം സ്ഥാനത്തിന്​ 15 ശതമാനത്തിന്‍റെ​യെങ്കിലും പിന്തുണ വേണം. തുടർന്ന്​ താഴേക്കുള്ള സംഘടനകൾക്ക്​ അംഗീകാരം നൽകില്ല.

മേയ്​ രണ്ടിന്​ കരിദിനാചരണം

അംഗീകാരം പിൻവലിച്ചതിനെ സംഘടനാപരമായും നിയമപരമായും ചെറുക്കുമെന്ന്​ കോൺഫെഡറേഷൻ ഓഫ്​ സെൻട്രൽ ഗവ. എംപ്ലോയീസ്​ ആൻഡ്​ വർക്കേഴ്​സ്​ സംസ്ഥാന ജനറൽ സെക്രട്ടറി വി. ശ്രീകുമാർ പറഞ്ഞു. മേയ് രണ്ടിന്​​ കരിദിനം ആചരിക്കും.

Tags:    
News Summary - The Center has withdrawn the recognition of the largest organization in the postal department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.