കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം; ഒരു തൊഴിലാളി മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റി മേഖലയിലെ കെട്ടിട നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തമാണ് മരിച്ചത്. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവർ കൊച്ചി സൺറൈസ് ആശുപത്രിയിൽ ചികിത്സയിലാണ്. തൊഴിലാളികളുടെ തലക്കും കാലിനുമാണ് പരിക്കേറ്റത്.

രാവിലെ എട്ടരയോടെ കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന ആറു നില കെട്ടിടത്തിന്‍റെ പെയിന്‍റിങ്ങിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിക്കുകയായിരുന്നു.

പല തട്ടുകളിലായുള്ള ഇരുമ്പ് ഫ്രെയിമിൽ പത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഫ്രെയിമിന്‍റെ ഏറ്റവും മുകളിലെ തട്ടിൽ നിന്ന തൊഴിലാളിയാണ് മരിച്ചത്.

ഇരുമ്പ് ഫ്രെയിമുകൾക്കടിയിൽ കുടുങ്ങിയ രണ്ടു പേരെ സഹ തൊഴിലാളികൾ രക്ഷപ്പെടുത്തി. മറ്റ് രണ്ടു പേരെ ഇലട്രിക് കട്ടർ ഉപയോഗിച്ച് ഇരുമ്പ് ഫ്രെയിമുകൾ മുറിച്ചുമാറ്റി അഗ്നിശമനസേനയാണ് രക്ഷപ്പെടുത്തിയത്. അഗ്നിശമനസേനയുടെ തൃക്കാക്കര യൂനിറ്റ് ആണ് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Tags:    
News Summary - The building under construction in Kochi Smart City collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.