വിവാദങ്ങൾക്കിടെ നിയമസഭ സമ്മേളനം തിങ്കളാഴ്ച തുടങ്ങും

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും. ജൂലൈ 27 വരെ 23 ദിവസങ്ങളിലാണ് സഭ സമ്മേളിക്കുക. സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴിയും വെളിപ്പെടുത്തലും വിവാദമായതി‍െൻറ അലയൊലികൾ അടങ്ങുംമുമ്പ് ആരംഭിക്കുന്ന സഭ സമ്മേളനത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷം ഇത് പ്രധാന ആയുധമാക്കുമെന്നുറപ്പാണ്. രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐക്കാർ അടിച്ചുതകർത്തതും ലോക കേരള സഭയുടെ ഭാഗമായി അനിത പുല്ലയിൽ നിയമസഭ മന്ദിരത്തിൽ കയറിയതും ഉൾപ്പെടെ പ്രതിപക്ഷത്തിനുയർത്താൻ വിഷയങ്ങൾ ഏറെയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഉമ തോമസിന് ഇത് ആദ്യ സമ്മേളനവും ആകും. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം ഉൾപ്പെടെ പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും ആയുധമാക്കിയേക്കും.

2022-23 സാമ്പത്തികവർഷത്തെ ധനാഭ്യർഥനകൾ ചർച്ചചെയ്ത് പാസാക്കാനായാണ് സമ്മേളനം ചേരുന്നത്. 13 ദിവസങ്ങൾ ധനാഭ്യർഥന ചർച്ചക്കായും നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായും നാല് ദിവസം ധനകാര്യ ബിൽ ഉൾപ്പെടെയുള്ള ബില്ലുകളുടെ പരിഗണനക്കായും വിനിയോഗിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉപധനാഭ്യർഥനക്കും ധനവിനിയോഗ ബില്ലിനുമായി രണ്ട് ദിവസവും നീക്കിവെച്ചിട്ടുണ്ട്. പതിനഞ്ചാം കേരള നിയമസഭ നിലവിൽ വന്നിട്ട് ഒരുവർഷം പൂർത്തിയാക്കിയ ഘട്ടത്തിലാണ് അഞ്ചാംസമ്മേളനം ചേരുന്നത്.

Tags:    
News Summary - The assembly session will begin on Monday amid controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.