തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാൻ വ്യവസ്ഥ ചെയ്യുന്ന കരട് ബിൽ, മന്ത്രിസഭ യോഗത്തിൽ സി.പി.ഐയുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ചു. ബില്ലിൽ കൂടുതൽ ചർച്ച വേണമെന്ന് സി.പി.ഐയിൽ നിന്നുള്ള കൃഷിമന്ത്രി പി. പ്രസാദ് മന്ത്രിസഭ യോഗത്തിൽ അഭിപ്രായപ്പെട്ടു.
സ്വകാര്യ സർവകലാശാലകൾ തുടങ്ങുമ്പോൾ കേരളത്തിലെ പൊതു സർവകലാശാലകളുടെയും കോളജുകളുടെയും സ്ഥിതി എന്താകുമെന്ന പരിശോധന നടത്തിയിട്ടുണ്ടോയെന്നും ഇത്തരമൊരു പരിശോധന ആവശ്യമില്ലേയെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കർണാടക സർക്കാർ യു.ജി.സി കരട് റെഗുലേഷനെതിരെ വിളിച്ചുചേർത്ത മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ പോയതിനാൽ ഇന്നലത്തെ മന്ത്രിസഭ യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പങ്കെടുത്തിരുന്നില്ല.
സി.പി.ഐ നിർദേശ പ്രകാരമാണ് ബില്ലിൽ മന്ത്രി പ്രസാദ് മന്ത്രിസഭ യോഗത്തിൽ ആശങ്ക ഉന്നയിച്ചതെന്നാണ് വിവരം. മെഡിക്കൽ ഉൾപ്പെടെ എല്ലാ കോഴ്സുകളും തുടങ്ങാവുന്ന രീതിയിലുള്ള മൾട്ടിഡിസിപ്ലിനറി സ്വഭാവത്തിൽ സ്വകാര്യ സർവകലാശാല തുടങ്ങുന്നതിൽ ആരോഗ്യമന്ത്രി വീണ ജോർജും സംശയമുയർത്തി.
ബ്രൂവറി അനുമതി മന്ത്രിസഭയുടെ പരിഗണനക്ക് വന്നപ്പോൾ പാർട്ടി മന്ത്രിമാർ മൗനം പാലിച്ചത് പിന്നീട് സി.പി.ഐയിൽ വൻ വിമർശനത്തിനിടയാക്കിയിരുന്നു. പിന്നാലെ, വരുന്ന സ്വകാര്യ സർവകലാശാല ബില്ലിന്റെ കാര്യത്തിലും കൈപൊള്ളുന്ന സാഹചര്യം ഒഴിവാക്കാനാണ് ബില്ലിൽ ചർച്ച വേണമെന്ന് സി.പി.ഐ ആവശ്യമുയർത്തിയത്.
അതേസമയം, സി.പി.എമ്മിലും മുന്നണിതലത്തിലും ചർച്ചചെയ്താണ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചതും നിയമ നിർമാണത്തിലേക്ക് നീങ്ങിയതും. ഉന്നത വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ബിൽ നടപ്പുനിയമസഭ സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ച് പാസാക്കാനും ധാരണയായിരുന്നു. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ കരട് ബിൽ വന്നിരുന്നെങ്കിലും ഇന്നലത്തെ യോഗത്തിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.