പി.സി. ജോർജിനെതിരെ കേസ് കൊടുത്തവർക്ക് നന്ദി; കേസെടുത്തതിനാൽ പിതാവിന്‍റെ ആരോഗ്യപ്രശ്നം അറിഞ്ഞു -ഷോൺ ജോർജ്

കോട്ടയം: ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ കേസ് കൊടുത്തവർക്ക് നന്ദിയെന്ന് മകൻ ഷോൺ ജോർജ്. കേസ് ഇല്ലായിരുന്നുവെങ്കിൽ പിതാവിന്റെ ആരോഗ്യ പ്രശ്നങ്ങൾ അറിയാൻ കഴിയില്ലായിരുന്നുവെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ഇനിയും ശക്തമായ നിലപാട് സ്വീകരിക്കും. സ്വന്തം പ്രസ്താവന ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ പി.സി. ജോർജ് തന്നെ മാപ്പ് പറഞ്ഞതാണ്. വഖഫ് ബില്ലിൽ ശക്തമായ നിലപാടെടുത്തതാണ് ജോർജിനെതിരേ മുസ്ലിം ലീഗ് തിരിയാൻ കാരണമെന്നും ഷോൺ ജോർജ് പറഞ്ഞു.

മകൻ എന്ന നിലയിൽ കേസ് കൊടുത്തവരോട് നന്ദിയുണ്ട്. ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ തയാറാകാത്ത ആളാണ് പി.സി. ജോർജ്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കാൻ കാരണം പരാതിക്കാരനാണെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു. 

'ഈരാറ്റുപേട്ടയെ ജീവന് തുല്യം സ്നേഹിച്ച പി.സി. ജോർജ്

ഈരാറ്റുപേട്ടയെ ഈരാറ്റുപേട്ടയാക്കിയ പി.സി. ജോർജ്

ഒരു നാൾ ആ നാട് വലിയ വർഗ്ഗീയതയിലേക്ക് പോയപ്പോൾ തിരുത്താൻ ശ്രമിച്ചതാണ് പി.സി. ജോർജ് ചെയ്ത തെറ്റ്.ആ രാജ്യ വിരുദ്ധ ശക്തികളോട് കോംപ്രമൈസ് ചെയ്തിരുന്നുവെങ്കിൽ ഇന്നും പി.സി. ജോർജ് നിയമസഭയിൽ ഉണ്ടായേനെ...'- ഷോൺ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. 

മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് പി.സി ജോർജിന് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം. നിലവില്‍ കേസില്‍ അറസ്റ്റിലായ ജോർജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയായിരുന്നു.

ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. ഇതിന് പിന്നാലെ യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പി.സി. ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി. ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.

Tags:    
News Summary - Thanks to those who sued P.C. George -Shone George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.