താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്‍റെ മരണത്തിൽ അഞ്ചു വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി താമരശ്ശേരി പൊലീസ്. കുറ്റാരോപിതരായ വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കാനും നിർദേശം നൽകി.
കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വെള്ളിയാഴ്ച വൈകീട്ട് രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. നഞ്ചക്ക് പോലുള്ള ആയുധം ഉപയോഗിച്ചാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. തലക്ക് സാരമായി പരിക്കേറ്റ താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് (15) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
താമരശ്ശേരി ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് പരിപാടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ട്യൂഷൻ സെന്ററിൽ പഠിക്കുന്ന എളേറ്റിൽ വട്ടോളി എം.ജെ ഹൈസ്‌കൂളിലെ വിദ്യാർഥികളുടെ ഡാൻസിനിടെ പാട്ട് നിലച്ചപ്പോൾ താമരശ്ശേരി ഗവ. ഹൈസ്കൂളിലെ ഏതാനും വിദ്യാർഥികൾ കൂകിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് വിദ്യാർഥികൾ തമ്മിൽ വാക്കേറ്റത്തിന് കാരണമായി. അധ്യാപകർ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. പിന്നീട് എം.ജെ ഹൈസ്‌കൂൾ വിദ്യാർഥികൾ വാട്സ്ആപ് ഗ്രൂപ് വഴി സന്ദേശത്തിൽ വ്യാഴാഴ്‌ച വൈകീട്ട് വിദ്യാർഥികളോട് താമരശ്ശേരി വെഴുപ്പൂർ റോഡിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നുവത്രെ. പത്തിലധികം വിദ്യാർഥികൾ സംഘടിച്ചെത്തുകയും താമരശ്ശേരി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളുമായി ഏറ്റുമുട്ടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ട്യൂഷൻ സെന്ററിലെ വിദ്യാർഥി അല്ലാത്ത ഷഹബാസിനെ സുഹൃത്താണ് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത്. പിന്നാലെ മർദനത്തിനുശേഷം സുഹൃത്തുക്കൾ തന്നെ വഴിയിൽ ഇറക്കി വിടുകയായിരുന്നു. അവശനായി വീട്ടിലെത്തിയ ഷഹബാസിനോട് മാതാവ് എന്താണ് പറ്റിയതെന്ന് ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. ക്ഷീണമുണ്ടെന്നും കുറച്ചുനേരം കിടക്കണമെന്നും പറഞ്ഞ് റൂമിൽ കയറി. പുറമേ കാര്യമായ പരുിക്കുകളൊന്നും ഇല്ലാതിരുന്ന ഷഹബാസ് രാത്രി ഛർദിച്ചതോടെയാണ് വീട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. നില വഷളായതിനെതുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
തലക്ക് ഗുരുതരമായി പരിക്കേറ്റതായും ബോധക്ഷയം ഉണ്ടായതായും ബന്ധുക്കൾ പറഞ്ഞു. താമരശ്ശേരിയിലെ വിദ്യാർഥികളെ കൂടാതെ, പുറമേനിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് ഷഹബാസിന്റെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷഹബാസിന് തലച്ചോറിൽ ആന്തരികരക്തസ്രാവവും ചെവിക്കു സമീപം എല്ലിന് പൊട്ടലുമുണ്ടായിരുന്നു. ഒരുദിവസത്തിലേറെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ വിദ്യാർഥി ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.