ചാരുംമൂട്: മഹാമാരിയുടെ ഭീതിയിൽ അകപ്പെട്ട വിദ്യാർഥികൾക്ക് സ്നേഹ സാന്ത്വനവുമായി അധ്യാപകൻ. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പ്രൈമറി വിഭാഗത്തിലെ സുഗതൻ മാഷാണ് തെൻറ ക്ലാസിലെ 40ഓളം കുട്ടികളുടെ വീട്ടിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് സന്ദർശനം നടത്തിയത്. കുട്ടികളിലും രക്ഷിതാക്കളിലുമുള്ള ആശങ്ക അകറ്റി ആത്മവിശ്വാസം പകരാനും ഈ കാലം ക്രിയാത്മകമായി ഉപയോഗിക്കാൻ പ്രേരിപ്പിക്കാനുമായിരുന്നു സന്ദർശനം.
ഉദ്യമത്തിന് സ്കൂൾ മാനേജർ പി. രാജേശ്വരി, പ്രധാനാധ്യാപിക സുനിത ടി. പിള്ള, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ.എൻ. ശിവപ്രസാദ്, പി.ടി.എ കമ്മിറ്റി തുടങ്ങിയവരുടെ പിന്തുണയും ലഭിച്ചു. വീട്ടിലെ എല്ലാവർക്കും ഉപയോഗിക്കാൻ മാസ്കുകളും സാനിറ്റൈസറും നൽകി. എല്ലാ കുട്ടികൾക്കും ഓരോ ഡിക്ഷ്നറിയും നോട്ട് ബുക്കും നൽകി. അടുത്ത സന്ദർശനത്തിന് മുമ്പ് ഓരോ കൂട്ടുകാരെയും കുട്ടിക്കർഷകരാക്കാനുള്ള ടാസ്കുകളും സഞ്ചിയിൽ കരുതിയായിരുന്നു മാഷ് എത്തിയത്. പച്ചക്കറി വിത്തുകളും അത് സമയാസമയം പരിപാലിക്കേണ്ട രീതിയും പ്രതിപാദിക്കുന്ന ലഘുലേഖയും ഊർജ സംരക്ഷണ ബോധവവത്കരണ ബ്രോഷറും അദ്ദേഹം വിതരണം ചെയ്തു.
സുഗതൻ മാഷിനൊപ്പം പി.ടി.എ പ്രസിഡൻറ് എം.എസ്. സലാമത്ത്, സീനിയർ അധ്യാപിക സഫീന ബീവി, സ്റ്റുഡൻറ് പൊലീസ് ഓഫിസർ ആർ. അനിൽകുമാർ, വിശ്രുതനാചാരി, സജി കെ. വർഗീസ്, പൊതുപ്രവർത്തകനായ ഫസൽ അലിഖാൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.