തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ഷേത്രപ്രവേശന വിവാദത്തിൽ ഭാഗ്യാന്വേഷണവുമായി ഇരുമുന്നണികളും ബി.ജെ.പിയും. ലോക്ഡൗൺ ഇളവിെൻറ ഭാഗമായി കേന്ദ്ര സർക്കാറാണ് ജൂൺ എട്ടിന് ആരാധനാലയങ്ങൾ തുറക്കാമെന്ന് നിർദേശിച്ചത്. ഒപ്പം കേരളത്തിൽ ബെവ്കോ ആപ് വഴി മദ്യവിതരണം ചൂണ്ടിക്കാട്ടി ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തുവന്നു. അപകടം തിരിച്ചറിഞ്ഞ സംസ്ഥാന സർക്കാർ മതനേതാക്കളുടെ യോഗം വിളിച്ച് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകി.
ശിവഗിരി ശ്രീനാരായണഗുരു തീർഥാടന സർക്യൂട്ടും കേരള സ്പിരിച്വൽ സർക്യൂട്ടും ഉൾപ്പെട്ട 154 കോടിയുടെ പദ്ധതി കേന്ദ്രം ഉപേക്ഷിച്ചതിനെതിരെ നിലവിൽ സമരത്തിലാണ് സി.പി.എമ്മും കോൺഗ്രസും. പിന്നാക്ക വോെട്ടന്ന ആർ.എസ്.എസ് ലക്ഷ്യത്തിെൻറ നടുവൊടിക്കുന്നതായി കേന്ദ്ര തീരുമാനം. എസ്.എൻ.ഡി.പി യുമായി നല്ല ബന്ധത്തിലല്ലാത്ത ബി.ജെ.പിക്ക് ശിവഗിരി മഠത്തിെൻറ അതൃപ്തികൂടി രാഷ്ട്രീയമായി താങ്ങാനാകില്ല. ഇതിനിടെയാണ് ക്ഷേത്രപ്രവേശന വിവാദവും തലവേദനയാകുന്നത്.
കേരളത്തിൽ ക്ഷേത്രങ്ങൾ തുറക്കേണ്ടതില്ലെന്ന നിലപാടാണ് ബി.ജെ.പിയും ആർ.എസ്.എസും പൊടുന്നനെ സ്വീകരിച്ചത്. ഇത് വോട്ടാക്കാനുള്ള രാഷ്ട്രീയനീക്കത്തിലാണ് യു.ഡി.എഫും എൽ.ഡി.എഫും. കേരളത്തെക്കാൾ വൈറസ് ബാധിതരും മരണവും കൂടുതലുള്ള യു.പിയിലെ ബി.ജെ.പി മുഖ്യമന്ത്രി ക്ഷേത്രദർശനം നടത്തിയപ്പോൾ കേരളത്തിലെ വിരുദ്ധനിലപാട് എന്തിനെന്ന് വിശദീകരിക്കാൻ സംഘ്പരിവാറിന് ആകുന്നില്ല. ആരാധനാലയം തുറക്കാൻ നിർദേശിച്ചത് കേന്ദ്ര സർക്കാറല്ലേ എന്ന കോൺഗ്രസ്, സി.പി.എം ചോദ്യവും ബി.ജെ.പിയെ തിരിഞ്ഞുകുത്തുന്നു. ആരോഗ്യവകുപ്പ് നിർദേശം പാലിച്ച് ക്ഷേത്രദർശനം നടത്താമെന്ന് ജൂൺ ഏഴിന് ഹിന്ദു െഎക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല പ്രസ്താവിച്ചിരുന്നു. എന്നാൽ, അത് തള്ളിയാണ് സംഘ്പരിവാർ രംഗത്തുവന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിൽ പിന്തള്ളപ്പെെട്ടന്ന ഭയത്താലാണ് സംഘ്പരിവാർ നിലപാടെന്ന് സി.പി.എം വിലയിരുത്തുന്നു.
ആരാധനാലയം തുറക്കുന്നതിലെ യോഗത്തിൽ സംഘ്പരിവാർ സംഘടനകളെ മുഖ്യമന്ത്രി ക്ഷണിച്ചിരുന്നില്ല. ഇത് ഹിന്ദുക്കളുടെ ‘മൊത്ത കുത്തക’ അവകാശവാദത്തിന് തിരിച്ചടിയുമായി. തങ്ങളെ നോക്കുകുത്തിയാക്കി കോൺഗ്രസും സി.പി.എമ്മും ഹിന്ദു വോട്ട് പങ്കിടുന്നത് ഏത് വിധേനയും എതിർക്കണമെന്ന നിലപാടിലാണ് സംഘ്പരിവാർ. പരസ്പരവിരുദ്ധ നിലപാട് വിശ്വാസികളെ എതിരാക്കുമെന്ന ആശങ്കയും ബി.ജെ.പിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.