കുണ്ടറ(കൊല്ലം): റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കുണ്ടറ സ്വദേശി രാജേഷ് (33), പെരുമ്പുഴ സ്വദേശി അരുൺ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം-പുനലൂർ റെയിൽവേ ട്രാക്കിൽ കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷന് 500 മീറ്റർ കിഴക്കാണ് റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ആറുമുറിക്കട, നെടുമ്പായിക്കുളം പഴയ ഫയർ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന ഭാഗത്താണ് അട്ടിമറിശ്രമമെന്ന് സംശയിക്കുന്ന സംഭവം. പുലർച്ചെ 3.30ന് കടന്നുപോകുന്ന പാലരുവി എക്സ്പ്രസ് ആകാം ലക്ഷ്യമെന്ന് സംശയിക്കുന്നു.
റെയിൽവേ പാളത്തിന് സമീപം താമസിക്കുന്ന വിഷ്ണുവാണ് വെള്ളിയാഴ്ച രാത്രി പാളത്തിന് കുറകെ പോസ്റ്റ് കണ്ടത്. ഇദ്ദേഹവും ബന്ധുവും ചേർന്ന് പോസ്റ്റ് മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് റെയിൽവേ ഗേറ്റ് കീപ്പറെയും പുനലൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെയും (ആർ. പി.എഫ്) വിവരം അറിയിച്ചു. എഴുകോൺ പൊലീസെത്തി 12.30ഓടെ ട്രാക്കിൽനിന്ന് പോസ്റ്റ് എടുത്തുമാറ്റി.
അര മണിക്കൂറിന് ശേഷം ആർ.പി.എഫ് സംഘം എത്തുമ്പോൾ പാളത്തിന് മുകളിൽ വീണ്ടും പോസ്റ്റ് വെച്ചിരുന്നു. പിന്നീട് ആർ.പി.എഫ് പോസ്റ്റ് എടുത്തുമാറ്റി. രണ്ടു യുവാക്കൾ പോസ്റ്റുമായി വരുന്ന സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇവർ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യവും കിട്ടി.
ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ പിടികൂടിയത്. ഇവർ നേരത്തെ പല കേസിലും പ്രതികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണെന്ന് പൊലീസ് പറഞ്ഞു. ആക്രിയാക്കി വിൽക്കാനാണോ ട്രെയിൽ അട്ടിമറിയാണോ ലക്ഷ്യമെന്ന് അറിയുന്നതിനാണ് ചോദ്യംചെയ്യുന്നത്. ടെലിഫോൺ പോസ്റ്റിന്‍റെ മണ്ണിൽ കുഴിച്ചിടുന്ന ഭാഗം വിലകൂടിയ കാസ്റ്റൽ അയൺ ആയതിനാൽ അത് മാത്രമായി മുറിക്കാൻ ലക്ഷ്യമിട്ടാണ് റെയിൽ പാളത്തിൽ വെച്ചതെന്ന സംശയമാണ് പൊലീസിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.