അധ്യാപക തസ്തിക നിർണയം വൈകുന്നു; ഉദ്യോഗാർഥികൾ ആശങ്കയിൽ

കോഴിക്കോട്: സംസ്ഥാനത്ത് അധ്യാപക തസ്തിക നിർണയം വൈകുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. ഒക്ടോബറിൽ പൂർത്തിയാവേണ്ട 2023 -24 വർഷത്തെ തസ്തിക നിർണയം ഇതുവരെ പൂർത്തിയാക്കാത്തതാണ് വിവിധ അധ്യാപക പി.എസ്.സി ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികളെ ആശങ്കയിലാഴ്ത്തുന്നത്. വിദ്യാഭ്യാസ വകുപ്പിൽ തസ്തിക നിർണയത്തിന്‍റെ പ്രക്രിയകളെല്ലാം പൂർത്തിയായിട്ടുണ്ടെങ്കിലും പുതിയ തസ്തികകൾ ധനവകുപ്പ് അംഗീകരിക്കാത്തതാണ് തസ്തിക വൈകുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

വർഷം തോറും ജൂണിലെ ആറാമത്തെ പ്രവൃത്തി ദിവസം തലയെണ്ണി, വിദ്യാർഥികൾ കുറവുള്ള സ്കൂളുകളിൽ അപ്പപ്പോൾ തന്നെ തസ്തികകൾ വെട്ടിച്ചുരുക്കാറുണ്ട്. അതേസമയം വിദ്യാർഥികൾ കൂടുതലുള്ള വിദ്യാലയങ്ങളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നുമില്ല. പുതിയ തസ്തികകൾ സൃഷ്ടിക്കണമെങ്കിൽ തസ്തിക നിർണയം പൂർത്തിയാക്കേണ്ടതുണ്ട്. പി.എസ്.സി ലിസ്റ്റിലുൾപ്പെട്ടവർക്ക് ലഭിക്കുന്ന ഒഴിവുകളിൽ ഭൂരിഭാഗവും തസ്തിക നിർണയം മുഖേന ലഭിക്കുന്നതാണ്.

ഓരോ വർഷത്തെയും വിരമിക്കൽ വഴിയുള്ള ഒഴിവുകൾ ഡിവിഷൻ ഫാൾ മൂലം തസ്തിക നഷ്ടപ്പെട്ട അധ്യാപകർക്ക് നൽകി ബാക്കിയുണ്ടെങ്കിൽ മാത്രമാണ് പി.എസ്.സിയിൽ റിപ്പോർട്ട്‌ ചെയ്യുക. കുട്ടികൾ ഏറെയുണ്ടെങ്കിലും പുതിയ തസ്തിക ലഭിക്കാത്തതിനാൽ മതിയായ അധ്യാപകർ ഇല്ലാത്ത സ്കൂളുകൾ ഏറെയുണ്ട്. ഇത് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് മാത്രമല്ല, അധ്യാപകരുടെ ജോലിഭാരം ഇരട്ടിയാക്കുകയും ചെയ്യുന്നുണ്ട്. 35 കുട്ടികളാണ് ഓരോ ക്ലാസിലും ഉണ്ടാകേണ്ടത് എന്ന നിയമം നിലനിൽക്കുമ്പോൾ തന്നെ പല സ്കൂളുകളിലും 60 മുതൽ 70 വരെ കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട്. അധികഭാരം ചുമക്കുന്ന അധ്യാപകരും വിഷയത്തിൽ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.

ഒക്ടോബർ 15ഓടെയാണ് സാധാരണയായി നിർണയം നടക്കാറുള്ളത്. ഓരോ ജില്ലയിലും 20 മുതൽ 30 വരെ തസ്തികകൾ ഒഴിവുണ്ട്. മാസങ്ങൾ പലതു പിന്നിട്ടിട്ടും തസ്തിക നിർണയം നടക്കാത്തതിൽ പ്രതിഷേധിച്ച് യു.പി.എസ്.എ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സമര പരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം. തസ്തിക നിർണയം നിശ്ചിത കാലയളവിനുള്ളിൽ നടത്തി പുതിയ അധ്യാപകർക്ക് അവസരം നൽകാനും വിദ്യാർഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാനും സർക്കാർ തയാറാകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

Tags:    
News Summary - Teacher post determination delayed; Candidates are worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.