ചൂരൽ കൊണ്ട് അടിച്ചു, കാലിൽ ചവിട്ടി; അധ്യാപകനെതി​രെ ഏഴാംക്ലാസ് വിദ്യാർഥി

ഇടുക്കി: കുമളി അണക്കര ഗവ. ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. തന്നെ പരിഹസിച്ചെന്ന് പറഞ്ഞ് മുട്ടിൽ നിൽക്കാൻ പറഞ്ഞ ശേഷം കാലിൽ ചവിട്ടിയെന്നും ചൂരൽ കൊണ്ട് പലതവണ അടിച്ചെന്നുമാണ് കുട്ടി പറയുന്നത്. വിദ്യാർഥി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധ്യാപകന്‍ ശിവകുമാറിനെതിരെ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ചൂരലു കൊണ്ട് അടിച്ചെന്നും മറ്റ് ഒരു രീതിയിലും മർദിച്ചിട്ടില്ലെന്നുമാണ് അധ്യാപകന്‍റെ വിശദീകരണം. സംഭവം അന്വേഷിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

കഴിഞ്ഞദിവസം ഉച്ചക്കു ശേഷമാണ് സംഭവം. തമിഴ് മീഡിയത്തിൽ പഠിക്കുന്ന വിദ്യാർഥിക്കാണ് മർദനമേറ്റത്. വടി ഒടിയുന്നതു വരെ തന്നെ അടിച്ചെന്ന് കുട്ടി പറയുന്നു. മകൻ വേദനിച്ചു കരയുകയായിരുന്നുവെന്നും കണ്ടപ്പോൾ വലിയ വിഷമമായെന്നും അമ്മ പറഞ്ഞു. ഉടനെ കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി. തുടർന്ന് ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു.

ക്ലാസിൽ ഉണ്ടായിരുന്ന മറ്റു കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പി.ടി.എ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. തല്ലിയതിനപ്പുറം കുട്ടി വിശദീകരിച്ച മറ്റ് കാര്യങ്ങളില്‍ വ്യക്തതയില്ലാത്തതിനെ തുടർന്നാണ് മറ്റു കുട്ടികളിൽനിന്ന് വിവരങ്ങൾ തേടുന്നത്.

ക്ലാസ്സിൽ ഓടിനടന്ന കുട്ടിയോട് അടങ്ങിയിരിക്കാനും പുസ്തകം വായിക്കാനും ആവശ്യപ്പെട്ടപ്പോൾ കുട്ടി തന്നെ കളിയാക്കി പുറത്തേക്ക് ഓടിയെന്നാണ് അധ്യാപകൻ പറയുന്നത്. തിരിച്ചുവിളിച്ചു കൊണ്ടുവന്ന് മുട്ടിന് താഴെ രണ്ടടി കൊടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അധ്യാപകന്റെ വാദം.

അതേസമയം. സംഭവം നടന്ന ദിവസം കുട്ടി പരാതിപ്പെട്ടിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അന്നേദിവസം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി അമ്മയെ പരുക്കുകള്‍ കാണിക്കുകയും പരാതി പറയുകയുമായിരുന്നു. 

Tags:    
News Summary - Teacher attacked 7th standard student in idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.