ക്ലീൻ കേരളാ കമ്പനി മാതൃകയിൽ മാലിന്യസംസ്കരണത്തിനൊരുങ്ങി തമിഴ്നാട്

ക്ലീൻ കേരളാ കമ്പനി മാതൃകയിൽ മാലിന്യസംസ്കരണത്തിന് പ്രത്യേക കമ്പനി സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. ഇതിന്റെ മുന്നോടിയായി തമിഴ്നാട് ഗ്രാമവികസന-പഞ്ചായത്തീരാജ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഡി സെന്തിൽ കുമാറിന്റെ നേതൃത്വത്തിൽ എട്ടംഗ ഉദ്യോഗസ്ഥസംഘം ക്ലീൻ കേരളാ കമ്പനിയെക്കുറിച്ച് പഠിക്കാൻ കേരളത്തിലെത്തി.

തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ ക്ലീൻ കേരളാ കമ്പനിയെക്കുറിച്ചും കേരളത്തിലെ ഹരിതകർമ്മസേനാ പ്രവർത്തനങ്ങളെക്കുറിച്ചും തമിഴ്നാട് സംഘത്തോട് വിവരിച്ചു. കേരളത്തിലെ ആർ.ആർ.എഫുകളും എം.സി.എഫുകളും സംഘം സന്ദർശിച്ചു. ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങളും സംഘം വിലയിരുത്തി. മാതൃകാപരമായ ഈ പ്രവർത്തനങ്ങള്‍ തമിഴ്നാട്ടിലും പകർത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും സംഘം അറിയിച്ചു. കർണാടക, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ക്ലീൻ കേരളാ കമ്പനി സന്ദർശിച്ച് അതാത് സംസ്ഥാനങ്ങളിൽ സമാനമായ സംരംഭം ആരംഭിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങള്‍ നടന്നുവരികയാണ്.

ക്ലീൻ കേരളാ കമ്പനി 2023-24 സാമ്പത്തിക വർഷം പാഴ് വസ്തുക്കള്‍ ശേഖരിച്ച് മൂല്യവത്താക്കിയതിലൂടെ ഹരിതകർമ്മസേനക്ക് നൽകിയത് 9.79 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇത് ഇരട്ടിത്തുകയാണ്. വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങള്‍ക്കൊപ്പം, ആർആർഎഫുകളിൽ (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങള്‍ക്കുമാണ് ഈ തുക ലഭിച്ചത്.

2022-23ൽ ഇത് 5.08 കോടിയായിരുന്നു. പാഴ്വസ്തു ശേഖരണത്തിൽ 56% വർധനയാണ് സൃഷ്ടിച്ചത്. മാലിന്യ സംസ്കരണത്തിൽ കേരളം നടത്തിയ സമാനതകളില്ലാത്ത മുന്നേറ്റമാണ് ക്ലീൻ കേരളാ കമ്പനിയുടെ മാലിന്യ ശേഖരണത്തിലുള്ള വർധനവിലൂടെ തെളിയുന്നത്. മാലിന്യം വേർതിരിച്ച് ശേഖരിക്കാനുള്ള സർക്കാർ നിർദേശങ്ങളോട് പൊതുജനങ്ങള്‍ ഐക്യപ്പെടുന്നതിന്റെ തെളിവാണ്, വേർതിരിച്ച മാലിന്യം വിറ്റ് ഹരിതകർമ്മസേനയ്ക്ക് ലഭിച്ച വരുമാനം. 12448 ടൺ തരംതിരിച്ച പ്ലാസ്റ്റിക്കാണ് കഴിഞ്ഞ സാമ്പത്തിക വർഷം ക്ലീൻ കേരളാ കമ്പനി ശേഖരിച്ചത്. 247.17 ടൺ ഇ വെയ്സ്റ്റ്, 2707.27 ടൺ ചില്ലു മാലിന്യം, 450.63 ടൺ തുണി മാലിന്യം, 1503.26 ടൺ ചെരുപ്പ്/ബാഗ്/തെർമ്മോക്കോള്‍ മാലിന്യം തുടങ്ങിയവ കഴിഞ്ഞ സാമ്പത്തിക വർഷം ക്ലീൻകേരളാ കമ്പനി ശേഖരിച്ചു. 8172 കിലോ മരുന്ന് സ്ട്രിപ്പ്, 6928 കിലോ വാഹനടയർ, 1035 കിലോ എത്തിലിൻ പ്രിന്‍റിംഗ് ഷീറ്റ് തുടങ്ങിയവയും ശേഖരിച്ചവയിൽ ഉള്‍പ്പെടുന്നു. റോഡ് ടാറിംഗിൽ ഉപയോഗിക്കാനായി 200.87 ടൺ ഷ്രഡഡ് പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുകയും ഇതിൽ 185.2 ടൺ ഉപയോഗിക്കുകയും ചെയ്തു.

ഹരിതകർമ്മസേനാംഗങ്ങള്‍ ശേഖരിക്കുന്ന വേർതിരിച്ച മാലിന്യം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എംസിഎഫുകളിൽ നിന്ന് ശേഖരിച്ച്, വീണ്ടും ആവശ്യമായ വേർതിരിക്കലും ബെയ്ലിംഗും പൂർത്തിയാക്കി, വിൽപ്പന നടത്തുകയാണ് ക്ലീൻ കേരളാ കമ്പനി ചെയ്യുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം ഹരിതകർമ്മസേനയ്ക്ക് ക്ലീൻകേരളാ കമ്പനി തിരിച്ചുനൽകുന്നു. നിലവിൽ 720 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യമാണ് ക്ലീൻ കേരളാ കമ്പനി ശേഖരിക്കുന്നത്. പത്തനംതിട്ട കുന്നന്താനത്ത് റീസൈക്ലിംഗ് പ്ലാന്‍റും ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങള്‍ നിർമ്മിക്കാനാവശ്യമായ പെല്ലെറ്റുകള്‍ നിർമ്മിക്കുന്നതാണ് സ്ഥാപനം. ഇത്തരത്തിലൊരു സ്ഥാപനം സർക്കാർ മേഖലയിൽ ആദ്യത്തേതാണ്.

Tags:    
News Summary - Tamil Nadu is planning to establish a company for waste management on the model of Clean Kerala Company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.