ചൂരൽമല (വയനാട്): കൽപറ്റ നഗരത്തിനടുത്ത ബൈപാസിലെ കണ്ണായ സ്ഥലത്ത് ടൗൺഷിപ്പിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമ്പോൾ ഇങ്ങകലെ കാരാപ്പുഴയിലെയും കാപ്പംകൊല്ലിയിലെയും വാടകവീടുകളിൽ ആശയറ്റ് കഴിയുകയാണ് മുത്തയ്യനും റഷീദും അവരുടെ കുടുംബങ്ങളും.
2024 ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ ജീവിതസമ്പാദ്യമെല്ലാം നശിച്ചവരിലുൾപ്പെട്ടവരാണ് ഇവരടക്കം 75ഓളം പേർ. എന്നാൽ, മറ്റുള്ളവർക്ക് ടൗൺഷിപ്പിൽ വീടുകൾ കിട്ടിയപ്പോഴും ദുരന്തത്തിൽ എല്ലാം തകർന്നവരായിട്ടും സർക്കാർ ഉത്തരവിലെ സാങ്കേതികത്വം കാരണം ഇവർ ഗുണഭോക്തൃപട്ടികയിൽ ഇടംപിടിച്ചില്ല.
ദുരന്തത്തിന്റെ ഉത്ഭവ കേന്ദ്രമായ മുണ്ടക്കൈയിലെ പാടികളിലും റാട്ടപ്പാടിയിലും എച്ച്.എം.എല്‍ ഫാക്ടറിക്ക് സമീപത്തെ പാടികളിലും ഏറെ കുടുംബങ്ങൾ കഴിഞ്ഞിരുന്നു.
ചൂരല്‍മല സ്‌കൂള്‍ റോഡിലെ പടവെട്ടികുന്നിലും അട്ടമലയിലെ ലയങ്ങളിലും നിരവധി കുടുംബങ്ങളുണ്ടായിരുന്നു. ഇവർ ദുരന്തം നേരിട്ട് ബാധിച്ചവരാണ്. എന്നാൽ, പുനരധിവാസത്തിനായുള്ള സർക്കാർ ഉത്തരവില്‍ നോ ഗോ സോണില്‍നിന്ന് 50 മീറ്റര്‍ പരിധിയില്‍ ‘ഒറ്റപ്പെട്ട വീടുകള്‍’ എന്നുമാത്രമായിരുന്നു രേഖപ്പെടുത്തിയത്. ഇതോടെ പാടികളിൽ താമസിച്ചിരുന്നവർ സർക്കാർ പട്ടികയിൽനിന്ന് പുറത്തായി.
‘പാടികള്‍’ എന്ന് ഉത്തരവിലില്ല എന്ന സാങ്കേതികത്വമാണ് അധികൃതർ പറയുന്നത്. സർക്കാർ പരിധി നിശ്ചയിച്ച 50 മീറ്ററിന്റെ പുറത്തുള്ള വീടുകൾ തകർന്നവരും പുറത്തായി. സർക്കാർ ഉത്തരവ് തിരുത്തുമെന്ന് റവന്യൂ മന്ത്രി നേരത്തേ പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല. നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാടക വീടുകളില്‍ കഴിയുകയാണ് ഈ കുടുംബങ്ങൾ.
മാതാപിതാക്കൾ ദുരന്തത്തിൽ മരണപ്പെടുകയും വീടുകൾ നഷ്ടപ്പെടുകയും ചെയ്ത സംഭവങ്ങളിൽ വിവാഹം കഴിപ്പിച്ചയച്ച പെൺമക്കൾക്ക് വീടുകൾ നൽകാൻ വ്യവസ്ഥയുണ്ട്. എന്നാൽ, മുണ്ടക്കൈ പാടിയിലെ ബഷീറിന്റെ മകൾ സനൂജ ബഷീർ, മരണപ്പെട്ട മറ്റൊരാളുടെ മകളായ നുസ്റത്ത് ബാഷ, രാമസ്വാമിയുടെ മകൾ ശൈലജ രാമസ്വാമി, അവറാൻ കുട്ടിയുടെ മകൾ ഷമീന, പ്രഭാത് തുടങ്ങിയവർക്കും അർഹതയുണ്ടായിട്ടും വീട് കിട്ടിയിട്ടില്ല.
എന്നാൽ, ഇക്കാര്യങ്ങളടക്കം പരിശോധിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും അർഹരെ ഉൾപ്പെടുത്തുമെന്നുമാണ് അധികൃതർ പറയുന്നത്. അപ്പോഴും പാടികളിൽ താമസിച്ചിരുന്നവർ പുറത്തുതന്നെയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.