സംരക്ഷിത വനങ്ങളിൽ പരിസ്ഥിതി ലോല മേഖല: ഉൾപ്പെട്ട് ജനവാസ കേന്ദ്രങ്ങളും തോട്ടങ്ങളും

തൊടുപുഴ: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉൾപ്പെട്ട് മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളും തോട്ടങ്ങളും. മൂന്നാര്‍ മേഖലയിലെ അഞ്ച് സംരക്ഷിത വനമേഖലകള്‍ക്ക് സമീപമുള്ള പ്രദേശം പരിസ്ഥിതി ലോലമാക്കിയ ഉത്തരവിലാണ് കാന്തല്ലൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡും മൂന്നാര്‍ മേഖലയിലെ ആറ് തോട്ടങ്ങളും ഉള്‍പ്പെട്ടത്.

അതേസമയം, ഉത്തരവിൽ മാറ്റം വരുത്താൻ ആവശ്യമെങ്കിൽ സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശിപാർശ നൽകുമെന്നും ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് പറഞ്ഞു. വിഷയത്തിൽ 30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച മൂന്നാറിൽ ഇതുസംബന്ധിച്ച് റവന്യൂ, വനം വകുപ്പ് അധികൃതരുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ജനവാസ മേഖലകളടക്കം ഉൾപ്പെട്ടതായി കണ്ടെത്തിയത്.

ജൂൺ രണ്ടിന് പുറത്തിറക്കിയ ഗസറ്റിലെ കരട് വിജ്ഞാപനത്തിൽ ഇരവികുളം നാഷനൽ പാർക്ക്, കുറിഞ്ഞിമല വന്യജീവി സങ്കേതം, പാമ്പാടുംചോല ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം എന്നിവിടങ്ങൾക്ക് ചുറ്റുമാണ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചത്. വനമേഖലക്ക് ചുറ്റുമുള്ള പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയുള്ള ആകാശ ദൂരമാണ് ഇതിൽ ഉൾപ്പെടുക. ഇത്തരം മേഖലയിലാണ് തോട്ടം ജനവാസ മേഖലകൾ ഉൾപ്പെട്ടത്.

മൂന്നാറില്‍ ബഫര്‍ സോണില്‍ ജനവാസ മേഖല ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കിയിട്ടുണ്ട്. ജനവാസ മേഖല ഒഴിവാക്കി കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കാന്തല്ലൂര്‍ പഞ്ചായത്തിലെ പുത്തൂര്‍, പെരുമല എന്നീ ജനവാസ മേഖലകളാണ് പുതിയ വിജ്ഞാപനത്തില്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെട്ടത്. ഇതുകൂടാതെ മൂന്നാറിലെ ആറ് തോട്ടഭൂമികളും ഇതിന്റെ പരിധിയില്‍ വന്നു. ഇതുസംബന്ധിച്ച് സർക്കാറിന് ഉടൻ റിപ്പോർട്ട് നൽകും. ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ 60 ദിവസത്തെ സമയപരിധി നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Ecologically sensitive areas in protected forests: including settlements and plantations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.