തിരുവനന്തപുരം: അന്ത്യോദയ ഗുണഭോക്താക്കള്‍ക്കുള്ള (മഞ്ഞ കാര്‍ഡ്) സൗജന്യ റേഷൻ വിഹിതം വെട്ടിക്കുറക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ദരിദ്രരിൽ ദരിദ്രരായവർക്ക് തിരിച്ചടിയാകും. ഭക്ഷ്യസുരക്ഷ നിയമഭേദഗതിയുടെ ഭാഗമായാണ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് അന്ത്യോദയ അന്നയോജന (എ.എ.വൈ) പദ്ധതിയിൽ റേഷൻ വിഹിതം കുറക്കുന്നത്.
മഞ്ഞ കാര്‍ഡുകാർക്ക് അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ ഒരു കുടുംബത്തിന് 35 കിലോ ഭക്ഷ്യധാന്യമാണ് നൽകുന്നത്. അംഗങ്ങളുടെ എണ്ണമനുസരിച്ച് ഒരാൾക്ക് ഏഴു കിലോ വീതം ഭക്ഷ്യധാന്യം നൽകുന്നതാണ് നിയമഭേദഗതി. എന്നാൽ, ഒരു കുടുംബത്തിന് പരമാവധി ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് 35 കിലോ ആക്കും. നിലവിൽ പിങ്ക് (പി.എച്ച്.എച്ച്), നീല (എൻ.പി.എസ്) കാർഡുകാർക്ക് അംഗങ്ങളുടെ എണ്ണമനുസരിച്ചാണ് വിഹിതം നൽകുന്നത്. ഇതേ മാതൃകയാണ് മഞ്ഞക്കാർഡുകാർക്കും നടപ്പാക്കുന്നത്.
കേരളത്തില്‍ 18,33,360 അന്ത്യോദയ ഗുണഭോക്താക്കളുണ്ട്. 5,94,448 കുടുംബങ്ങളും. രാജ്യത്തെ ദരിദ്രരിൽ ദരിദ്രരായവർക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ അന്ത്യോദയ അന്നയോജന (എ.എ.വൈ) പദ്ധതി കൊണ്ടുവന്നത്.
എന്നാൽ ആ ലക്ഷ്യം റദ്ദാക്കുന്നതാണ് നിയമഭേദഗതി. രോഗികൾ, ഭിന്നശേഷിക്കാർ, വരുമാനമില്ലാത്തവർ, വിധവകൾ തുടങ്ങി സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നിൽ നിൽക്കുന്നവരാണ് പദ്ധതി ഗുണഭോക്താക്കൾ. നിയമഭേദഗതി നടപ്പായാല്‍, രണ്ടുപേരുള്ള കുടുംബത്തിന് 35 കിലോ ഭക്ഷ്യധാന്യം ലഭിച്ചിരുന്ന സ്ഥാനത്ത് 14 കിലോ മാത്രമേ ലഭിക്കൂ.
കുടുംബത്തില്‍ അഞ്ചുപേരില്‍ കൂടുതലുണ്ടെങ്കിലും ലഭിക്കുക പരമാവധി 35 കിലോ മാത്രം.അംഗങ്ങളെ പരിഗണിക്കാതെ 35 കിലോ ഭക്ഷ്യധാന്യം നൽകുന്നതിൽ കേന്ദ്രം നേരത്തെ തന്നെ എതിർപ്പറിയിച്ചിരുന്നു. എന്നാൽ, എ.എ.വൈ വിഭാഗത്തിനു പരിഗണന നല്‍കണമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.