ഭക്ഷ്യവിഷബാധയെന്ന് സംശയം: വയനാട്ടിൽ 98 സ്കൂൾ കുട്ടികൾ ചികിത്സയിൽ

വൈത്തിരി (വയനാട്): പൂക്കോട് ജവഹർ നവോദയ വിദ്യാലയത്തിലെ നൂറോളം കുട്ടികളെ ഛർദിയും വയറുവേദനയുമായി വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 24ന് ഒരു കുട്ടിക്കാണ് ആദ്യമായി ലക്ഷണങ്ങൾ ആരംഭിച്ചത്. തുടർന്ന് 27ന് 11 പേർക്കും 30ന് 66 പേർക്കുമായി 98 കുട്ടികളാണ് സമാന ലക്ഷണങ്ങളുമായി വൈത്തിരി താലൂക്കാശുപത്രിയിൽ ചികിത്സതേടിയത്.

ഭക്ഷണത്തിൽനിന്ന് അണുബാധയേറ്റതായാണ് സംശയം. സ്ഥിരീകരണത്തിന് സാമ്പിൾ ആലപ്പുഴയിലേക്ക്‌ പരിശോധനക്ക് അയച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ് പറഞ്ഞു.

ആരുടെയും നില ഗുരുതരമല്ല. കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയുംകൊണ്ട് ആശുപത്രി പരിസരം നിറഞ്ഞു. ഈ മാസം 24 മുതൽ പല കുട്ടികളിലും നേരിയതോതിൽ രോഗലക്ഷണം കണ്ടിരുന്നു.

ആരോഗ്യവകുപ്പ് വിദഗ്ധസംഘം സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ആർക്കും ഗുരുതരമായ ലക്ഷണങ്ങളില്ലെങ്കിലും കുട്ടികൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ജില്ല മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. പി. ദിനീഷിന്റെ നേതൃത്വത്തിൽ വിദഗ്ധസംഘം സ്ഥലം സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പാചകത്തൊഴിലാളികൾ എന്നിവർക്ക് ആവശ്യമായ മുൻകരുതൽ നിർദേശം നൽകി.

സ്ഥാപനത്തിന്റെ കുടിവെള്ള സ്രോതസ്സുകളിൽനിന്ന് സാമ്പിൾ ശേഖരിച്ച് ഗുണനിലവാര പരിശോധനക്ക് കോഴിക്കോട് റീജനൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയച്ചു. കുടിവെള്ളം എല്ലാദിവസവും ക്ലോറിനേഷൻ ചെയ്യാൻ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

അധ്യാപകരുടെയും വിദ്യാർഥികളുടെയും യോഗം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ, എ.ഡി.എം എൻ.ഐ. ഷാജു, മേപ്പാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ മങ്ങാടൻ, ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫിസർ രേഷ്മ തുടങ്ങിയവരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വിളിച്ചുചേർത്തു.

Tags:    
News Summary - Suspected food poisoning in Wayanad boarding school as 98 students fall ill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-29 01:55 GMT