മീനങ്ങാടി: വയനാട്ടിൽ പ്രവർത്തിക്കുന്ന മുസ്ലിം മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവയുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് ജില്ല ശിശു സംരക്ഷണ ഓഫിസറുടെ ആവശ്യപ്രകാരം ഗ്രാമപഞ്ചായത്തുകൾക്ക് നൽകിയ സർക്കുലർ വിവാദമായതോടെ പ്രതിഷേധവുമായി മുസ്ലിം യൂത്ത്ലീഗ് രംഗത്ത്.
മീനങ്ങാടി ജില്ല ശിശു സംരക്ഷണ ഓഫിസിൽനിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അസി. ഡയറക്ടറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിലെ സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് നിർദേശം നൽകിയതിലെ ദുരൂഹത ചൂണ്ടിക്കാട്ടി മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല ശിശു സംരക്ഷണ ഓഫിസറോട് വിശദീകരണം ചോദിക്കുകയും ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തിരുവനന്തപുരം ബാലാവകാശ കമീഷനിൽ ലഭിച്ച പരാതിയിൽ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് വിവാദ ആവശ്യവുമായി ജില്ല ശിശു സംരക്ഷണ ഓഫിസർ തദ്ദേശ വകുപ്പിന് കത്ത് നൽകിയത്. സർക്കുലറുമായി ബന്ധപ്പെട്ട തുടർനടപടികളുണ്ടാവില്ലെന്ന് ജില്ല ഓഫിസർ അറിയിച്ചതായി യൂത്ത്ലീഗ് നേതാക്കൾ വ്യക്തമാക്കി. ഉറപ്പ് ലംഘിച്ചാൽ സമരത്തിലേക്ക് നീങ്ങുമെന്നും നേതാക്കൾ പറഞ്ഞു.
ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് എം.പി. നവാസ്, ജില്ല ട്രഷറർ ഉവൈസ് എടവെട്ടൻ, വൈസ് പ്രസിഡന്റ് ജാഫർ മാസ്റ്റർ, സുൽത്താൻ ബത്തേരി നിയോജക മണ്ഡലം യൂത്ത്ലീഗ് ഭാരവാഹികളായ സമദ് കണ്ണിയൻ, സി.കെ. മുസ്തഫ, ഇ.പി. ജലീൽ, കണിയാമ്പറ്റ പഞ്ചായത്ത് അംഗം നൂരിഷ ചെനോത്ത്, പഞ്ചായത്ത് മുസ്ലിംലീഗ് നേതാവ് എം.എ. അയ്യൂബ്, സക്കീർ മുട്ടിൽ, ഹാരിസ് പുഴക്കൽ, സിറാജ് കാക്കവയൽ, നൗഫൽ എമിലി, കെ.പി. നൗഷാദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.