കോഴിക്കോട്: ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ചു വയസ്സെന്നത് നിരവധി അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പാക്കും. കുറഞ്ഞ പ്രായപരിധി അഞ്ചു വയസ്സെന്നത് 2026-27 അധ്യയന വർഷത്തേക്കുകൂടി തുടരുമെന്ന സർക്കാർ തീരുമാനമാണ് നൂറുകണക്കിന് അധ്യാപകരുടെ ജോലി നഷ്ടമാകുമെന്ന ഭീഷണി ഇല്ലാതാക്കിയത്.
2026-27 അധ്യയന വർഷം സ്കൂൾ തുറക്കുന്നത്, പ്രവേശനം, സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച മാർഗരേഖയിലാണ് ഇത്തവണകൂടി ഒന്നാം ക്ലാസിലേക്ക് കുറഞ്ഞ പ്രായപരിധി അഞ്ചായി തുടരാൻ തീരുമാനിച്ചത്. അടുത്ത അധ്യയന വർഷം മുതൽ ഇത് ആറു വയസ്സായിരിക്കും. ആറു വയസ്സ് നിബന്ധന കർശനമാക്കിയാൽ സംസ്ഥാനത്തെ സ്കൂളുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
കുറച്ചു വർഷങ്ങളായി ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട്. കഴിഞ്ഞ വർഷം 16,500 കുട്ടികളുടെ കുറവാണ് സംസ്ഥാനത്തുണ്ടായത്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറു വയസ്സാണെങ്കിലും കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ചാണ് സംസ്ഥാനത്ത് അഞ്ചു വയസ്സായി തുടർന്നത്. അതേസമയം, ഒന്നാം ക്ലാസ് പ്രവേശനം ആറു വയസ്സ് പൂര്‍ത്തിയായ ശേഷമേ നടത്താവൂ എന്ന നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് 2023ൽ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചിരുന്നു. സ്കൂൾ പ്രവേശനത്തിന് ഒരു കാരണവശാലും പ്രവേശന പരീക്ഷ നടത്താൻ പാടില്ലെന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.